കാസറഗോഡ് : മാഷ് റേഡിയോയും മാഷ് വിഷനും വിവിധ പഞ്ചായത്തുകളില്‍ കോവിഡ് ബോധവത്ക്കരണം ഊര്‍ജ്ജിതമാക്കു മ്പോള്‍ വേറിട്ടരീതിയില്‍ മാഷ് വണ്ടിയുമായി ദേലമ്പാടി പഞ്ചായത്ത്. അതിര്‍ത്തി പഞ്ചായത്തായ ദേലമ്പാടിയിലെ വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ക്കായി കന്നട,മലയാളം, തുളു, മറാഠി തുടങ്ങി വിവിധ ഭാഷകളില്‍ പാട്ടും അനൗണ്‍സ്‌മെന്റുകളുമായി നാട് നീളെ മാഷ് വണ്ടി പായുകയാണ്.
ആദ്യ ഘട്ടത്തില്‍ പരപ്പ, ഉജ്ജംപാടി പ്രദേശങ്ങളിലും ഝാല്‍സൂര്‍ അര്‍ത്തിയിലുമാണ് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ മാഷ് പ്രവര്‍ത്തകര്‍ കര്‍മ്മ നിരതരായത്. ഝാല്‍സൂര്‍ അതിര്‍ത്തിയില്‍ മൂന്ന് ആഴ്ചയാണ് മാഷ് പ്രവര്‍ത്തകര്‍ സേവനമനുഷ്ടിച്ചത്. ജീപ്പ് വാടകയ്‌ക്കെടുത്തും അധ്യാപകരുടെ തന്നെ സ്വകാര്യ വാഹനങ്ങള്‍ പ്രചരണത്തിനായി തെരഞ്ഞെടുത്തും പ്രതിരോധരീതി മാറ്റിപ്പിടിക്കുകയാണ് ദേലംപാടിയിലെ അധ്യാപകര്‍. നിലവില്‍ പഞ്ചായത്തില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങള്‍ക്ക് ചുറ്റും സ്പീക്കര്‍ ഉപയോഗിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുണ്ട്.
സന്ദേശങ്ങള്‍ നാല് ഭാഷകളില്‍
ഏതൊരു വ്യക്തിയുടെയും മനസ്സില്‍ തട്ടണമെങ്കില്‍ മാതൃഭാഷയില്‍ തന്നെ പറയണമെന്ന തിരിച്ചറിവിലാണ് മാഷ് പദ്ധതിയുടെ ചുമതലയുള്ള അധ്യാപകരുടെ നേതൃത്വത്തില്‍ മലയാളം, കന്നഡ, തുളു, മറാട്ടി എന്നീ നാല് ഭാഷകളില്‍ പാട്ടും പറച്ചിലുമായി കോവിഡ് 19 ബോധവല്‍ക്കരണ സന്ദേശങ്ങള്‍ തയ്യാറാക്കി ‘മാഷ് വണ്ടി’യിലൂടെ അവതരിപ്പിക്കുന്നത്. ഒരു കാറില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച് ജനങ്ങള്‍ കൂട്ടം കൂടാറുള്ള ഇടങ്ങളിലെത്തി സന്ദേശങ്ങള്‍ കേള്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം യൂട്യൂബ്, ഫേസ് ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴിയും ആയിരത്തില്‍ കൂടുതല്‍ ആളുകളിലേക്ക് സന്ദേശമെത്തിക്കാന്‍ സാധിച്ചു.
ഇതില്‍ മറാട്ടി ഭാഷയില്‍ തയ്യാറാക്കിയ പാട്ടും സന്ദേശവും ഏറെ ശ്രദ്ധിക്കപ്പെട്ടുവെന്നും കടകളും, സ്ഥാപനങ്ങളും, കവലകളും, കോളനികളുമെല്ലാം നേരിട്ട് സന്ദര്‍ശിച്ച് ബോധവത്ക്കരണം നടത്തുന്നതിന് പുറമെയാണ് ഇതെന്നും മാഷ് പദ്ധതി പ്രതിനിധി സലാം മാസ്റ്റര്‍ പറയുന്നു.