സംസ്ഥാനത്ത് മാസ്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ

37

സംസ്ഥാനത്ത് വീണ്ടും മാസ്ക്ക് നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി. മാസ്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴയീടാക്കും.

ദുരന്തനിവാരണ ആക്റ്റും അനുബന്ധ നിയമങ്ങളും അനുസരിച്ച്‌ കേസെടുക്കുമെന്നാണ് ഉത്തരവ്. കൊവിഡ് (Covid 19) കണക്കുകള്‍ കൂടുന്ന പശ്ചാത്തലത്തിലാണ് മാസ്ക് വീണ്ടും നിര്‍ബന്ധമാക്കിയത്. കൊവിഡ് കണക്കുകള്‍ കുറഞ്ഞതോടെ ആശ്വാസത്തിലായിരുന്നു.

ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാവുന്നതാണെന്ന കേന്ദ്ര നിര്‍ദേശം പാലിച്ച്‌ നിയന്ത്രണങ്ങള്‍ കേരളവും പിന്‍വലിച്ചിരുന്നു. മാസ്കും സാമൂഹ്യ അകലവും പാലിക്കണമെന്ന ഉപദേശം മാത്രമാണുണ്ടായിരുന്നത്. കേസുകളെടുക്കുന്നതും പിഴയീടാക്കുന്നതും നിര്‍ത്തിവെച്ചിരുന്നു.

കൊവിഡ് കേസുകള്‍ നേരിയതോതില്‍ കൂടുന്നതോടെയാണ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും കര്‍ശനമാക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ നിയന്ത്രണം കടുപ്പിച്ചതും ദില്ലിയിലടക്കം കേസുകളുയരുന്നതും സര്‍ക്കാരിന്‍റെ പുനപരിശോധനയ്ക്ക് കാരണമായി. ദുരന്ത നിവാരണ വകുപ്പ് പ്രകാരമോ അനുബന്ധ വകുപ്പുകള്‍ പ്രകാരമോ കേസുകളെടുക്കാമെന്നാണ് ഉത്തരവ്. കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് കേസുകളെടുത്ത് കൊണ്ടിരുന്നത്.

500 രൂപയായിരുന്നു പിഴ. ഇത് തുടര്‍ന്ന് ഈടാക്കും. പൊതുസ്ഥലങ്ങളിലും യാത്രകളിലും തൊഴിലിടങ്ങളിലും മാസ്ക് ധരിക്കണം. അതിനിടെ മുന്‍ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്നലെ സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ 300 കടന്നു. 341 കൊവിഡ് കേസുകളാണ് ഇന്നലെയുണ്ടായത്. 255 ല്‍ നിന്നാണ് ഈ വര്‍ധനവ്.

അതേസമയം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി വിളച്ച യോഗം നടക്കുകയാണ്. ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ യോഗത്തില്‍ കൊവിഡ് വര്‍ധന സംബന്ധിച്ച അവതരണം നടത്തും.

NO COMMENTS