ട്വിറ്റര്‍ സ്വീകരിക്കുന്ന ജനാധിപത്യവിരുദ്ധ നടപടികളില്‍ പ്രതിഷേധം – സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാസ്‌റ്റൊഡോണ്‍.

130

കൊച്ചി : ഉപയോക്താക്കളോട് ട്വിറ്റര്‍ സ്വീകരിക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികളില്‍ പ്രതിഷേധം നിലനില്‍ക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗ മാകാനൊരുങ്ങി മാസ്‌റ്റൊഡോണ്‍. ട്വിറ്ററിലെ ഉപയോക്താക്കള്‍ കൂട്ട മായി മാസ്റ്റൊഡോണിലേക്ക് മാറുകയാണ്. മാസ്റ്റൊഡോണിന്റെ ഏറ്റവും വലിയ സവിശേഷതയായി ഉയര്‍ത്തിക്കാട്ടുന്നത് അതിന്റെ വികേന്ദ്രീകൃതമായ ഘടനയുടെ പ്രയോജനങ്ങളാണ്. ഒരൊറ്റ സെര്‍വെര്‍ (ഇന്‍സ്റ്റന്‍സ് എന്നാണ് മാസ്റ്റൊഡോണ്‍ ഭാഷയില്‍) അല്ല ഈ സാമൂഹ്യമാധ്യമവേദിക്കുള്ളത്. അതുകൊണ്ടുതന്നെ ഉപയോക്തൃവിവരങ്ങള്‍ കേന്ദ്രീകൃതമായി ശേഖരിക്കപ്പെടുന്നതും, അതിന്റെ ദുരുപയോഗസാധ്യതകളും പൂര്‍ണമായി ഇല്ലാതാക്കുവാന്‍ സാധിക്കുന്നു.

അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തും അനാവശ്യ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നും ട്വിറ്റര്‍ സ്വീകരിച്ച നയങ്ങള്‍ ഉപയോക്താക്കളുടെ ശക്തമായ വിമര്‍ശനത്തിന് കാരണ മായിരുന്നു. ഇതിനുപിന്നാലെയാണ് ആളുകള്‍ മാസ്‌റ്റൊഡോണിലേക്ക് മാറിയത്‌. സ്വതന്ത്ര സോഫ്റ്റ്വെയറില്‍ ചിട്ടപ്പെടുത്തിയ സാമൂഹ്യ മാധ്യമവേദിയാണ് മാസ്‌റ്റൊഡോണ്‍. ആര്‍ക്കും ഒരു മാസ്റ്റൊഡോണ്‍ ഇന്‍സ്റ്റന്‍സ് തുടങ്ങാം. അങ്ങനെ പലവിധ ഫെഡറല്‍ ഇന്‍സ്റ്റന്‍സു കളും പരസ്പരം ബന്ധിപ്പിച്ച്‌ ഒരു ശൃംഖലായായി കിടക്കും. ഉദാഹരണത്തിന്, കേരള എന്ന ഇന്‍സ്റ്റന്‍സിലെ ഉപയോക്താക്കള്‍ക്ക് കര്‍ണാടക എന്ന ഇന്‍സ്റ്റന്‍സിലെ ഉപയോക്താക്കളുമായും തിരിച്ചും ബന്ധപ്പെടുവാനും ഇടപഴകുവാനും സാധിക്കും.

ഏതെങ്കിലും രീതിയില്‍ ഇന്‍സ്റ്റന്‍സുകള്‍ ആരെങ്കിലും ദുരുപയോഗം ചെയ്താല്‍, ആ ഇന്‍സ്റ്റന്‍സിനെ മൊത്തത്തില്‍ ബ്ലോക്ക് ചെയ്തു മാറ്റുവാന്‍ സാധിക്കും.നിങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തിന്റെ ജൈവപ്രാപ്തി (organic) താരതമ്യേനെ കൂടുതലാണെന്നുള്ളതുകൊണ്ടു തന്നെ, എന്‍ഗേജ്മെന്റ് റേറ്റും കൂടുതലായിരിക്കും. ഫ്രെന്‍ഡ്‌സ് ലിസ്റ്റ് എന്നൊന്നില്ല. വ്യക്തികളെ ഫോളോ ചെയ്യാത്തവര്‍ക്കും, അവരുടെ റ്റൈംലൈന്‍ സെറ്റ് ചെയ്തിരിക്കുന്നതനുസരിച്ച്‌ റ്റൈംലൈനില്‍ നിന്നും വിവരങ്ങള്‍ വായിക്കുവാന്‍ കഴിയും.

നിലവില്‍ പ്രചാരത്തിലുള്ള മറ്റ് സാമൂഹ്യമാധ്യമങ്ങളിലില്ലാത്ത പല പുതിയ സവിശേഷതകളും ഇതിനുണ്ട് എന്നതാണ് മാസ്‌റ്റോഡോണിന്റെ പ്രത്യേകത. ഫോളോവേഴ്‌സിന്റെ എണ്ണമോ, പോസ്റ്റിന് കിട്ടുന്ന ലൈക്കിന്റെയും ഷെയറിന്റെയും എണ്ണമോ ഒന്നും പോസ്റ്റിന്റെ റീച്ചിനെ ബാധിക്കില്ല.

NO COMMENTS