ബെംഗളൂരു: ശബരിമലയില്‍ പ്രയഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായ പ്രക്ഷോഭം ദേശീയ തലത്തിലേക്കും വ്യാപിക്കുന്നു. ഇതിന്റെ ഭാഗമായി ശബരിമല കര്‍മ സമിതിയുടെ ദേശീയ ഘടകം രൂപികരിച്ചു. മാതാ അമൃതാനന്ദമയിയാണ് മുഖ്യ രക്ഷാധികാരികളില്‍ ഒരാള്‍.
മുന്‍ ഡിജിപി ടിപി സെന്‍കുമാറും സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ കെഎസ് രാധാകൃഷ് ണനും ഉപാധ്യക്ഷന്മാരാണ്. ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശനും കര്‍മസമിതി ദേശീയ ഘടകത്തിലെ അംഗമാണ്. കര്‍ണാടക ഹൈക്കോടതി റിട്ടയേഡ് ജസ്റ്റിസ് എന്‍ കുമാറാണ് സമിതിയുടെ ദേശീയ അദ്ധ്യക്ഷന്‍.
അമൃതാനന്ദമയിയേ കൂടാതെ പന്തളം കൊട്ടാരം പ്രതിനിധി പി ശശികുമാര്‍ വര്‍മ്മ, കാഞ്ചി ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി , കൊളത്തൂര്‍ മഠാധിപതി ചിദാനന്ദപുരി തുടങ്ങിയവരാണ് ശബരിമല കര്‍മ സമിതിയുടെ രക്ഷാധികാരിമാര്‍. കേരള വനിതാ കമ്മീഷന്‍ മുന്‍ അംഗം ജെ പ്രമീളാദേവി, ന്യൂറോ സര്‍ജന്‍ ഡോ. മാര്‍ത്താണ്ഡപിളള എന്നിവര്‍ സമിതി അംഗങ്ങളാണ്.
ശബരിമല സമരത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ബിജെപി തന്ത്രങ്ങളുടെ ഭാഗമാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ശബരിമലയിലേക്ക് എത്തുന്ന അയ്യപ്പ ഭക്തരില്‍ ഭൂരിഭാഗം ആളുകളും ആന്ധ്ര, കര്‍ണ്ണാടക, തമിഴ്നാട് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ശബരിമല സമരങ്ങള്‍ക്ക് ദേശീയ തലത്തില്‍ അയ്യപ്പഭക്തരുടെ പിന്തുണ ഉറപ്പിക്കുകയാണ് കര്‍മ സമിതി ലക്ഷ്യം വയ്ക്കുന്നത്.