പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യ മായി വാഹനത്തിൽ വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി സെപ്റ്റംബറോടെ പ്രസവം നടക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും യാഥാർഥ്യമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലവിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ പ്രസവം നടക്കുന്ന മുഴുവൻ സർക്കാർ ആശുപത്രികളിലും പദ്ധതി യാഥാർഥ്യമായി. തിരുവനന്തപുരവും, കണ്ണൂരും ഉടൻ യാഥാർഥ്യമാകും.
എ.പി.എൽ., ബി.പി.എൽ. വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പൂർത്തീകരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. മാതൃയാനം പദ്ധതി തിരുവനന്തപുരം മെഡിക്കൽ കോളജ് എസ്.എ.ടി. ആശുപത്രിയിലും ആരംഭിക്കും. എസ്.എ.ടി.യിൽ പദ്ധതിയുടെ ട്രയൽ റൺ ആരംഭിച്ചു. 28 വാഹനങ്ങളാണ് പദ്ധതിക്കായി എസ്.എ.ടി. ആശുപത്രിയിൽ സജ്ജമാക്കിയിരിക്കുന്നത്.
പ്രതിവർഷം പതിനായിരത്തോളം പ്രസവങ്ങളാണ് എസ്.എ.ടി. ആശുപത്രിയിൽ നടക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം പ്രസവം നടക്കുന്ന ആശുപത്രികളിലൊന്നായ എസ്.എ.ടി.യിൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ അനേകായിരം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും.
തിരുവനന്തപുരത്തിന് പുറമേ മറ്റ് ജില്ലകളിൽ നിന്നും വിദഗ്ധ പ്രസവ ചികിത്സയ്ക്കായി എസ്.എ.ടി.യിൽ എത്തുന്നുണ്ട്. വീട്ടിലേയ്ക്കുള്ള ദീർഘദൂര യാത്രയ്ക്ക് വളരെയധികം തുക ചെലവാകാറുണ്ട്. പലർക്കും ഇത് താങ്ങാനാവില്ല. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ ഏറെ സഹായകരമാകും.