മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച്‌ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്

173

തിരുവനന്തപുരം • പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച്‌ മജിസ്ട്രേറ്റ് തല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. സംഭവത്തെക്കുറിച്ച്‌ സമഗ്രമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ പെരിന്തല്‍മണ്ണ സബ് കലക്ടറെ ചുമതലപ്പെടുത്തി. ഏറ്റുമുട്ടല്‍ മരണത്തിന്റെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് വിട്ടതായും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഐ അറിയിച്ചു. മാവോയിസ്റ്റുകള്‍ക്കു നേരെയുണ്ടായത് വ്യാജഏറ്റുമുട്ടലാണെന്ന വാദം ഉയര്‍ന്ന സാഹചര്യത്തിലാണ് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്.

വളഞ്ഞിട്ടുള്ള വെടിവയ്പല്ല, നേര്‍ക്കുനേര്‍ ഏറ്റുമുട്ടലാണു കരുളായി വനമേഖലയിലുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ആദ്യം വെടിയുതിര്‍ത്തതു മാവോയിസ്റ്റുകളാണെന്നും തുടര്‍ന്നു പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിലാണു 12 അംഗ മാവോയിസ്റ്റ് സംഘത്തിലെ രണ്ടുപേര്‍ കൊല്ലപ്പെട്ടതെന്നുമാണ് വിശദീകരണം. അതേസമയം, സംഭവം നടന്നു മൂന്നാം ദിവസമാണു ഏറ്റുമുട്ടല്‍ സംബന്ധിച്ചു പൊലീസ് പത്രസമ്മേളനം നടത്തിയത്. ഏറ്റുമുട്ടലിലല്ല, മാവോയിസ്റ്റ് താവളം വളഞ്ഞു പൊലീസ് നടത്തിയ വെടിവയ്പിലാണു സിപിഐ മാവോയിസ്റ്റ് നേതാവ് കുപ്പു (ദേവരാജ്-60), കാവേരി (അജിത) എന്നിവര്‍ കൊല്ലപ്പെട്ടതെന്ന സംശയം ബലപ്പെടാന്‍ ഇതും കാരണമായിട്ടുണ്ട്. ദേവരാജിന്റെ മൃതദേഹത്തിനു സമീപം ഒരു കൈത്തോക്ക് കിട്ടിയതല്ലാതെ മറ്റ് ആയുധങ്ങള്‍ പൊലീസ് പരിശോധനയില്‍ മാവോയിസ്റ്റ് താവളത്തില്‍നിന്നു കിട്ടിയിട്ടില്ല. ഏറ്റുമുട്ടലല്ല, താവളം വളഞ്ഞു പൊലീസിന്റെ ഭാഗത്തുനിന്നുള്ള വെടിവയ്പാണ് ഉണ്ടായതെന്ന അഭ്യൂഹത്തെ ശരിവയ്ക്കുന്ന സൂചനയാണിതെന്നും വിലയിരുത്തലുകളുണ്ട്.

NO COMMENTS

LEAVE A REPLY