തിരുവനന്തപുരം • പൊലീസ് സംഘത്തിനുനേരെ ആദ്യം വെടിവച്ചത് കുപ്പുസ്വാമിയാണെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്. ആഭ്യന്തര സെക്രട്ടറിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രിസഭായോഗം പരിഗണിച്ചു. നീണ്ടനാളത്തെ തിരച്ചിലിനും നിരീക്ഷണങ്ങള്‍ക്കുമൊടുവിലാണു മാവോയിസ്റ്റു സംഘത്തിലേക്ക് എത്തിപ്പെടാന്‍ കഴിഞ്ഞതെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ മാസം ആദ്യം കേരള, തമിഴ്നാട്, കര്‍ണാടക പൊലീസ് സേനകള്‍ സംയുക്തമായി നടത്തിയ തിരച്ചിലില്‍ മാവോയിസ്റ്റുകളുടെ ക്യാംപിനു നൂറു മീറ്റര്‍വരെ അടുത്തെത്താന്‍ കഴിഞ്ഞിരുന്നു. പക്ഷേ, മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിയാന്‍ സേനയ്ക്കു കഴിഞ്ഞില്ല. എന്നാല്‍, പൊലീസ് സംഘം ക്യാംപിനു തൊട്ടടുത്തെത്തിയെന്നു മനസിലാക്കിയ മാവോയിസ്റ്റുകള്‍ മറ്റു സ്ഥലങ്ങളിലുള്ള സംഘാംഗങ്ങളുമായി ബന്ധപ്പെട്ടു ജാഗ്രതാനിര്‍ദേശം നല്‍കി. ഈ ഫോണ്‍ സന്ദേശം ചോര്‍ത്താനായതോടെയാണു ക്യാംപ് എവിടെയാണെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു മനസിലാക്കാനായത്. സംഘം താമസിക്കുന്ന സ്ഥലം വ്യക്തമായതോെട ഓപ്പറേഷനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ക്യാംപിനടുത്ത് പൊലീസ് എത്തിയെന്നു മനസിലാക്കിയതോടെ കുപ്പുസ്വാമിയാണ് ആദ്യം പൊലീസിനുനേരെ വെടിവച്ചത്. കൈത്തോക്കില്‍നിന്നു രണ്ടുതവണ നിറയൊഴിച്ചു. ഒരു തവണ ലക്ഷ്യം പിഴച്ചു. ഈ സമയത്താണു പൊലീസ് തിരിച്ചടിച്ചത്. ബാലസ്റ്റിക് പരിശോധനയില്‍ ഇക്കാര്യം വ്യക്തമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായാണു ലഭിക്കുന്ന വിവരം.