ഛത്തിസ്ഗഢില്‍ അഞ്ചു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

238

ഛത്തിസ്ഗഢ്: ഛത്തിസ്ഗഢില്‍ കമാന്‍ഡര്‍ ലെവല്‍ കേഡറിലുളള രണ്ടു പേരുള്‍പ്പെടെ അഞ്ചു മാവോയിസ്റ്റുകളെ രണ്ടു വ്യത്യസ്ത ഓപ്പറേഷനുകളിലായി സുരക്ഷാസേന വധിച്ചു. നാരായണ്‍പൂര്‍ ജില്ലയില്‍ ഛത്തിസ്ഗഢ് പൊലീസുമായുണ്ടായ വെടിവയ്പ്പിനൊടുവിലാണ് അഞ്ചു പേരും കൊല്ലപ്പെട്ടത്. പൊലീസിന്റെ ജില്ലാ റിസര്‍വ്വ് ഗ്രൂപ്പിലെ ഒരാളും വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നാരായണ്‍പൂര്‍ ജില്ലയിലെ അതീവ അപകടകരമായ വനമേഖലയിലായിരുന്നു പോരാട്ടം. രണ്ടു ദിവസം മുന്‍പ് 400ലധികം അംഗങ്ങളുളള മാവോയിസ്റ്റ് സംഘമാണ് വനത്തിനുളളില്‍ പ്രവേശിച്ചിരുന്നത്. മാവോയിസ്റ്റ് മിലിട്ടറി കമ്ബനി എന്ന പേരില്‍ മാവോയിസ്റ്റുകള്‍ സ്വയം വിശേഷിപ്പിക്കുന്ന ഭീകരവാദി ക്യാംപിന്റെ രണ്ടാം ആസ്ഥാനമാണ് ഇവിടം. പ്രദേശത്തെ മാവോയിസ്റ്റ് സാന്നിദ്ധ്യം സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തിലാണ് സേന പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചതെന്ന് മാവോയിസ്റ്റ് വിരുദ്ധ സേനയുടെ സ്പെഷ്യല്‍ ഡി.ജി ഡി.എം അവാസ്തി പറഞ്ഞു.ഇവരില്‍ നിന്നും എ.കെ47 അടക്കമുളള ആയുധങ്ങളും സേന പിടിച്ചെടുത്തിട്ടുണ്ട്. ഇടതുഭീകരവാദികളുടെ നേതൃനിരയില്‍ നിന്നു തന്നെയുണ്ടായ ആള്‍നാശം മാവോയിസ്റ്റുകള്‍ക്കിടയില്‍ കനത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്. അതേസമയം പൊലീസ് നടപടിക്കിടെ കനത്ത പ്രത്യാക്രമണം ആണ് മാവോയിസ്റ്റുകള്‍ അഴിച്ചു വിട്ടിരുന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്നതിനിടയിലും ഉണ്ടായ പ്രതിരോധശ്രമം ഇവരുടെ മുന്‍നിര നേതാക്കള്‍ തന്നെയാണ് കൊല്ലപ്പെട്ടതെന്നത് സ്ഥിരീകരിക്കുന്നതായും അവാസ്തി കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY