കോഴിക്കോട്: നിലമ്ബൂരില്‍ വെടിയേറ്റുമരിച്ച മാവോയിസ്റ്റ് അജിതയുടെ മൃതദേഹം സംസ്കരിച്ചു. സുഹൃത്തുക്കള്‍ക്ക് വിട്ടു നല്‍കാതെ പൂര്‍ണ്ണമായും പോലീസ് നിയന്ത്രണത്തിലാണ് കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ ശവസംസ്കാരം നടന്നത്.
വെടിയേറ്റ് മരിച്ച് 22മത്തെ ദിവസമാണ് അജിതയുടെ മൃതദേഹം സംസ്കരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജാശുപ്ത്രി മോര്‍ച്ചറിയില്‍ നിന്ന് രാവിലെ പത്ത് മണിയോടെ മൃതദേഹം പോലീസ് ഏറ്റുവാങ്ങി. തുടര്‍ന്ന് വെസ്റ്റ്ഹില്‍ ശമ്ശാനത്തില്‍ എത്തിച്ച മൃതദേഹത്തില്‍ സുഹൃത്തുക്കള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി ഒരു മണിക്കൂര്‍ നേരം അനുവദിച്ചു. എന്നാല്‍ മുദ്രാവാക്യം വിളിക്കാന്‍ പാടില്ലെന്നും, മൃതദേഹത്തിന് സമീപത്ത് നിന്ന് പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു. ഒരു മണിക്കൂറിന് ശേഷം പന്ത്രണ്ട് മണിയോടെ വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ മൃതദേഹം മറവ് ചെയ്തു. കോടതി നിര്‍ദ്ദേശപ്രകാരമാണ് ദഹിപ്പിക്കാതിരുന്നത്. അജിതയെ സംസ്കരിച്ചിടത്ത് പോലീസ് കാവലും ഏര്‍പ്പെടുത്തി. മാവോയിസ്റ്റ് കുപ്പുദേവരാജന്‍റെ സംസ്കാരദിവസമുണ്ടായ അനിഷ്ടസംഭവങ്ങള്‍ കണക്കിലെടുത്ത് വലിയ ജാഗ്രതയിലായിരുന്നു പോലീസ്. മോര്‍ച്ചറി പരിസരത്തും, ശ്മശാന്തതിലും വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.