വാഷിംഗ്ടണ്‍ : പുലിറ്റ്സര്‍ ജേതാവ് മാക്സ് ഡെസ്ഫോര്‍(104) അന്തരിച്ചു. മേരിലാന്‍ഡിലെ സില്‍വര്‍ സ്പ്രിംഗിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. മുന്‍ അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫറാണ്. 1950ല്‍ കൊറിയന്‍ യുദ്ധകാലത്തെടുത്ത ചിത്രങ്ങള്‍ ഡെസ്ഫോറിനെ പുലിറ്റ്സര്‍ പുരസ്കാരത്തിന് അര്‍ഹനാക്കി. യുദ്ധത്തിനിടെ തകര്‍ന്ന പാലത്തിലൂടെ മറുകര കടക്കുന്ന ആളുകളുടെ ചിത്രത്തിനാണ് അംഗീകാരം. വെടിയേറ്റു മരിച്ചു പുതഞ്ഞ കൊറിയന്‍ പൗരന്റെ കൈകളും മൂക്കും മാത്രം പുറത്തുകാണുന്ന ഫ്യൂട്ടിലിറ്റി എന്ന ചിത്രവും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. 1946 ജൂലൈയില്‍ കോണ്‍ഗ്രസ് സമ്മേളനത്തിനിടെ മഹാത്മാ ഗാന്ധിയും ജവാഹര്‍ലാല്‍ നെഹ്റുവും സംസാരിക്കുന്ന ചിത്രവും 1948ല്‍ മഹാത്മാ ഗാന്ധിയുടെ മരണാനന്തര ചടങ്ങുകളുടെയും ചിത്രങ്ങളും എപി ഫോട്ടോഗ്രാഫറായി ഇന്ത്യയില്‍ കഴിയവേ ഡെസ്ഫോര്‍ പകര്‍ത്തിയിരുന്നു.