വട്ടിയൂര്‍ക്കാവ്: എൽ ഡി എഫ് സ്ഥാനാർഥി പ്രശാന്തിന്റെ ലീഡ് ത്തിനടുത്ത് എത്തി . കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മൂന്നാം സ്ഥാനത്തേക്ക് പോയ മണ്ഡലത്തിലാണ് എല്‍ഡിഎഫ് ഇക്കുറി വന്‍ കുതിപ്പ് നടത്തിയിരിക്കുന്നത്. നാലാഞ്ചിറ അടക്കമുളള ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ അടക്കമാണ് മേയര്‍ ബ്രോയുടെ കുതിപ്പ്. കിണവൂര്‍, പാതിരപ്പളളി അടക്കമുളള യുഡിഎഫ് കോട്ടകളെയും പ്രശാന്ത് തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. വട്ടിയൂര്‍ക്കാവായി മാറുന്നതിന് മുന്‍പ് തിരുവനന്തപുരം നോര്‍ത്ത് ആയിരുന്ന മണ്ഡലം ഇടത് കോട്ടയായിരുന്നു.
മണ്ഡലം നിലവില്‍ വന്ന 1977ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെ രവീന്ദ്രന്‍ നായരാണ് വിജയിച്ചത്. തുടര്‍ന്ന് 1980, 1987, 1991,1996, 2000 എന്നീ വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കോണ്‍ഗ്രസ് വിജയം കണ്ടത് 1982ലും 2001ലും മാത്രമായിരുന്നു. എന്നാല്‍ 2011ലെ മണ്ഡല പുനര്‍ നിര്‍ണയത്തോടെ ചിത്രം മാറി.
ശരിദൂരം ഇക്കുറി യുഡിഎഫിലേക്ക് നീട്ടി എന്‍എസ്‌എസ് കെ മോഹന്‍കുമാറിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച മണ്ഡലത്തിലാണ് വികെ പ്രശാന്തിന്റെ വിജയക്കുതിപ്പ് എന്നത് ശ്രദ്ധേയമാണ്. സാമുദായിക സമവാക്യങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഇതുവരെ കണക്ക് കൂട്ടപ്പെട്ടിരുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. എന്നാല്‍ മേയറുടെ ജനപ്രീതിയുടെ മാത്രം ബലത്തിലാണ് ജാതി സമവാക്യങ്ങള്‍ മറികടന്ന് കൊണ്ടുളള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് എല്‍ഡിഎഫ് ധൈര്യപ്പെട്ടത്. ആ തീരുമാനം ശരിയായി എന്നാണ് വട്ടിയൂര്‍ക്കാവ് തെളിയിക്കുന്നത്.
യുഡിഎഫിനൊപ്പം ബിജെപിയേയും വിറപ്പിച്ചിരിക്കുകയാണ് വികെ പ്രശാന്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപിക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത് വികെ പ്രശാന്തിന് ലഭിച്ചതിന്‌റ പകുതി വോട്ടുകള്‍ മാത്രമാണ്. ആദ്യ റൗണ്ട് മുതല്‍ വികെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ ലീഡ് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
പോസ്റ്റല്‍, സര്‍വീസ് വോട്ടുകളിലും വികെ പ്രശാന്തിന് തന്നെ ആയിരുന്നു ലീഡ്. 55 പോസ്റ്റല്‍ വോട്ടും 68 സര്‍വീസ് വോട്ടുകളുമാണ് മണ്ഡലത്തിലുളളത്. വട്ടിയൂര്‍ക്കാവില്‍ 62.66 ശതമാനമാണ് ഇക്കുറി പോളിംഗ് രേഖപ്പെടുത്തിയത്. 2016ലേതിനേക്കാള്‍ 7.17 ശതമാനം കുറവ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 69.34 ശതമാനം പോളിംഗുണ്ടായിരുന്നു. ഇക്കുറി പോളിംഗിലുണ്ടായ കുറവില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ ആശങ്കയുണ്ടായിരുന്നു.
ഇടതുപക്ഷത്തിന് ഇതുവരെ പിടി കൊടുക്കാത്ത മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2011ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന്റെ കെ മുരളീധരനെ തിരഞ്ഞെടുത്ത മണ്ഡലം. 8 വര്‍ഷം വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയിരുന്ന കെ മുരളീധരന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ച് ജയിച്ചതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. രണ്ട് വര്‍ഷത്തേക്ക് മാത്രമായി തങ്ങളുടെ ജനപ്രതിനിധിയെ തിരഞ്ഞെടുക്കുകയാണ് വട്ടിയൂര്‍ക്കാവ്.
തിരുവനന്തപുരം നോര്‍ത്തിന്റെ ഭാഗമായ ശ്രീകാര്യവും ഉളളൂരും കഴക്കൂട്ടം നിയമസഭാ മണ്ഡലത്തോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. പകരം നെട്ടയം കൂട്ടിച്ചേര്‍ത്ത് വട്ടിയൂര്‍ക്കാവ് മണ്ഡലം രൂപീകരിക്കപ്പെട്ടു. പഴയ കോട്ട തിരിച്ച് പിടിക്കുക ലക്ഷ്യത്തോടെയാണ് ഏറെ ജനപ്രിയനായ മേയര്‍ വികെ പ്രശാന്തിനെ ഇടതുപക്ഷം വട്ടിയൂര്‍ക്കാവില്‍ കളത്തിലിറക്കിയത്. നായര്‍ വോട്ടുകള്‍ ഏറെ നിര്‍ണായകമായ മണ്ഡലത്തില്‍ സാമുദായിക സാഹചര്യം പരിഗണിക്കാതെയായിരുന്നു സിപിഎമ്മിന്റെ നീക്കം. പ്രളയ കാലത്തെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടേയും പ്രിയങ്കരനായി മാറിയ മേയര്‍ ബ്രോയുടെ ജനപ്രീതി തന്നെയായിരുന്നു സിപിഎമ്മിന്റെ ആയുധം.