തിരുവനന്തപുരം: സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് ഉപതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെ വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കാന്‍ ശുപാര്‍ശ ചെയ്തത്. ചൊവ്വാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ അന്തിമ തീരുമാനമുണ്ടാകും.മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനവും യുവനേതാവ് എന്ന നിലയിലുള്ള പരിഗണനയുമാണ് വികെ പ്രശാന്തിനെ സ്ഥാനാര്‍ഥിയായി പരിഗണിക്കാനുള്ള കാരണം.
സാമുദായിക സമവാക്യങ്ങള്‍ നോക്കാതെ ഒരു പരീക്ഷണം എന്ന നിലയില്‍ പ്രശാന്തിനെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. ഈ വര്‍ഷം പ്രളയമുണ്ടായപ്പോള്‍ സാഹയമെത്തിക്കുന്നതിനുള്ള സാധനസാമഗ്രികള്‍ സമാഹരിച്ചതിന്റെ പേരില്‍ വലിയ അഭിന്ദനങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്. യുവജനങ്ങള്‍ക്കിടയില്‍ പ്രശാന്തിന് നല്ല പിന്തുണയുള്ളതിനാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് നേതൃത്വം കരുതുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് മുന്നോടിയായി വിഷയം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റിലാണ് പ്രശാന്തിന്റെ പേര് ഉയര്‍ന്നുവന്നിരിക്കുന്നത്.
ജില്ലാ സെക്രട്ടറിയേറ്റ് ഒന്നാമതായി നല്‍കിയിരിക്കുന്നത് വി. കെ പ്രശാന്തിന്റെ പേരും രണ്ടാമതായി നല്‍കിയിരിക്കുന്നത് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധുവിന്റെ പേരുമാണ്. വി. ശിവന്‍കുട്ടിയോട് മത്സരിക്കാന്‍ താല്‍പര്യമുണ്ടോ എന്ന കാര്യം ജില്ലാ സെക്രട്ടറിയേറ്റ് ചോദിച്ചിരുന്നു. എന്നാല്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.