കാസർകോട്: കാസർകോട്ടെ ഫാഷൻ ഗോൾഡ് സംഭവവുമായി ബന്ധപെട്ട് എം സി കമറുദ്ദീൻ എംഎൽഎ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കഴിഞ്ഞ ഓഗസ്റ്റ് 27നാണ് മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീനെതിരെ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ടു മാസം കഴിയുമ്പോഴേക്കും ചന്തേര, കാസര്‍ഗോഡ്, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനുകളിലായി കേസുകളുടെ എണ്ണം 88 ആയി. ഇതിനിടെയാണ് തനിക്കെതിരായ വഞ്ചനാ കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ചത്.
കമറുദ്ദീനിനെതിരായ വഞ്ചനാ കേസ് റദ്ദാക്കാൻ ആകില്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ അറിയിച്ചിരുന്നു. ജ്വല്ലറിയുടെ പേരിൽ വ്യാപക തട്ടിപ്പ് നടന്നെന്നും ഒട്ടേറെ പേർക്ക് പണം നഷ്ടമായെന്നും സർക്കാർ അറിയിച്ചു. ജ്വല്ലറി ഡയറക്ടർ ആയ എം.സി കമറുദ്ദീനിനും കേസിൽ തുല്യ പങ്കാളിത്തം ഉണ്ടെന്നാണ് സർക്കാർ നിലപാട്.
കരാർ ലംഘനത്തിനുള്ള സിവിൽ കേസ് മാത്രമേ നിലനിൽക്കു എന്നാണ് കമറുദ്ദീന്റെ വാദം. രാഷ്ട്രീയ വൈരാഗ്യം മൂലമാണ് വഞ്ചനാ കേസ് എടുത്തതെന്നും അദ്ദേഹം ആരോപിക്കുന്നു