കാസറകോട് : മഞ്ചേശ്വരം ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ ലൈഫ് മിഷന്‍ ഭവനപദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു. നിരവധി കുടുംബങ്ങള്‍ കാലങ്ങളായി ഹൃദയത്തില്‍ ചേര്‍ത്തുവച്ചി രുന്ന സ്വപ്നങ്ങളുടെ സാക്ഷാത്കാരം പങ്കുവെക്കുന്നതിനുള്ള വേദിയായി കുടുംബ സംഗമം മാറി. മഞ്ചേശ്വരം കലാസ്പര്‍ശം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമം എം സി കമറുദ്ദീൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ് അധ്യക്ഷത വഹിച്ചു. പദ്ധതിയിലുള്‍പ്പെട്ടവര്‍ക്ക് മികച്ച സൗകര്യങ്ങളോടെയാണ് വീട് ലഭ്യമാക്കുന്നതെന്നും ഗുണഭോക്താക്കളെ കൈയൊഴിയാതെ തുടര്‍സേവനങ്ങളും ലഭ്യമാക്കുന്നതിനാണ് അദാലത്ത് സംഘടിപ്പിക്കുന്നതെന്നും എം എല്‍ എ പറഞ്ഞു.
ലൈഫ് മിഷന്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ മംഗല്‍പ്പാടി, മഞ്ചേശ്വരം, മീഞ്ച, വോര്‍ക്കാടി, പുത്തിഗെ, പൈവളികെ, എന്മകജെ പഞ്ചായത്തുകള്‍ക്ക് എംഎഎല്‍എ ഉപഹാരം നല്‍കി. തുടര്‍ന്ന് പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരെ ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്‍ സുരേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബ്ലോക്കില്‍ നിര്‍മാണം പൂര്‍ത്തിയായത് 611 വീടുകള്‍
ലൈഫ് മിഷന്‍ പദ്ധതി പ്രകാരം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ 611 വീടുകളാണ് നിര്‍മാണം പൂര്‍ത്തിയായത്. ഇതില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ 68 വീടുകളാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. എന്‍മകജെ പഞ്ചായ ത്തിന്റെ ആഭിമുഖ്യത്തില്‍ 77 വീടുകളും, മംഗല്‍പാടിയില്‍ 65ഉം, മഞ്ചേശ്വരം 50, മീഞ്ച 71, പൈവളികെ 68, പുത്തിഗെ 61, വോര്‍ക്കാടിയില്‍ 55 വീടുകളുമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ ഒരു വീടും പട്ടികജാതി വിഭാഗത്തില്‍ ഏഴും പട്ടികവര്‍ഗ വിഭാഗത്തില്‍ 20ഉം ഫിഷറീസ് രണ്ട് വീടുകളും നിര്‍മി ച്ചിട്ടുണ്ട്. ഇത് കൂടാതെ പി എം എ വൈ റൂറല്‍ പദ്ധതിയില്‍ 66 വീടുകളും നല്‍കിയിട്ടുണ്ട്. ലൈഫ് മിഷന്റെ ആദ്യഘട്ടത്തില്‍ 182 വീടുകളും രണ്ടാംഘട്ടത്തില്‍ 429 വീടുകളുമാണ് നിര്‍മിച്ചത്. ബാക്കിയുള്ള വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
നേരത്തേ വിവിധ പദ്ധതികളിലായി സഹായ ധനം അനുവദിച്ച ഗുണഭോക്താക്കള്‍ക്കുള്ള വീടുകളുടെ പണി പൂര്‍ത്തീകരിക്കുന്ന പ്രവൃത്തിയാണ് 2017 നവംബറില്‍ ആരംഭിച്ച ആദ്യ ഘട്ടത്തില്‍ നടത്തിയത്. 2018 മാര്‍ച്ചില്‍ ആരംഭിച്ച രണ്ടാമത്തെ ഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മ്മാണവും മൂന്നാം ഘട്ടത്തില്‍ ഭൂരഹിതരായ ഭവനരഹിതര്‍ക്കുള്ള വീട് നിര്‍മ്മാണവുമാണ് നടത്തുന്നത്.