ന്യുയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ വച്ചായിരുന്നു ചരിത്രത്തില്‍ ഇടം നേടിയ ചുംബനം. 1945 ഓഗസ്റ്റ് 14, യുഎസിനു മുന്നില്‍ ജപ്പാന് പരാജയം സമ്മതിച്ച ദിവസം ഗ്രേറ്റ സിമ്മര്‍ ഫ്രീഡ്മാനെന്ന യുവതിയെ യുഎസ് നാവികനായ ജോര്‍ജ് മെന്‍ഡോന്‍സ അപ്രതീക്ഷിതമായി ചുംബിക്കുകയായിരുന്നു.പ്രതിമയിലെ ചുംബിക്കുന്ന നാവികന് ജോര്‍ജ് മെന്‍ഡോന്‍സ കഴിഞ്ഞ ദിവസം അന്തരിച്ചതിനു പിന്നാലെയാണു സംഭവം. ഉപാധികളില്ലാത്ത കീഴടങ്ങല്‍ എന്നും മീടു എന്നും ചുവന്ന പെയിന്റ് ഉപയോഗിച്ച് പ്രതിഷേധക്കാര്‍ പ്രതിമയില്‍ എഴുതി.
പ്രതിമയിലെ പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ സറസോട്ട പോലീസ് ട്വിറ്ററില്‍ പങ്കുവച്ചു. പ്രതിഷേധക്കാരുടെ നടപടിയെ അനുകൂലിച്ചും എതിര്‍ത്തും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.ഫ്ളോറിഡയിലെ സറസോട്ടയില്‍ സ്ഥാപിച്ചിട്ടുള്ള ചുംബന പ്രതിമയില്‍ പ്രതിഷേധക്കാര്‍ “മീടു’ എന്നെഴുതുകയായിരുന്നു. ലൈഫ് മാഗസിന് ഫോട്ടോഗ്രാഫറായ ആല്‍ഫ്രഡ് ഐസന്സ്റ്റഡ് ചുംബന നിമിഷങ്ങള്‍ കാമറയില്‍ ഒപ്പിയെടുത്തു. ലൈഫ് മാസികയില്‍ പ്രസിദ്ധീകരിച്ചതോടെ ചിത്രം ലോകപ്രശസ്തമായി. എന്നാല്‍ നാവികന് ആരായിരുന്നെന്നോ ചുംബിച്ച സ്ത്രീ ആരായിരുന്നെന്നോ അറിയുമായിരുന്നില്ല.
1980-കളുടെ അവസാനത്തോടെയാണ് നാവികന് ജോര്‍ജ് മെന്ഡോന്സയായിരുന്നെന്നും നഴ്സ് ഗ്രേറ്റയായിരുന്നെന്നും ലോകം അറിയുന്നത്. 2005-ല്‍ ഒരു അഭിമുഖത്തില്‍ തന്റെ സമ്മതത്തോടെയായിരുന്നില്ല ചുംബിച്ചതെന്ന് ഗ്രേറ്റ വെളിപ്പെടുത്തി. പിന്നീട് 2012-ല്‍ മെന്‍ഡോന്‍സയും ഇത് സ്ഥിരീകരിച്ചു.