വ്യാപാര സ്ഥാപനങ്ങളിലെ അളവു തൂക്ക കൃത്യത ഉറപ്പാക്കും: മന്ത്രി ജി.ആർ. അനിൽ

16

വ്യാപാര സ്ഥാപനങ്ങളിലെ അളവു തൂക്ക കൃത്യത ഉറപ്പാക്കുമെന്നു ഭക്ഷ്യ – സിവിൽ സപ്ലൈസ് – ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ. അനിൽ. ഉപഭോക്താക്കൾ വാങ്ങുന്ന സാധനങ്ങളുടെ കൃത്യമായ വിലവിവരം രേഖപ്പെടുത്തി ബില്ല് നൽകുന്ന രീതി കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അളവുതൂക്ക ഉപകരണങ്ങളുടെ മുദ്രപതിപ്പിക്കുന്നതിനായി പിഴത്തുകയിൽ ഇളവു നൽകി സംഘടിപ്പിക്കുന്ന അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

വ്യാപാര രംഗവുമായി ബന്ധപ്പെട്ടു പൊതുജനങ്ങൾക്കുള്ള പരാതികൾ സർക്കാർ ഗൗരവത്തോടെയാണു കാണുന്നതെന്നു മന്ത്രി പറഞ്ഞു. ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ 23 വരെ 33,246 കടകളിൽ നടത്തിയ പരിശോധനയിൽ മൂവായിരത്തിലെറേ സ്ഥലങ്ങളിൽ ന്യൂനതകൾ കണ്ടെത്തിയിരുന്നു. ഇവ പരിഹരിക്കാൻ നൽകിയ സമയപരിധിക്കു ശേഷം വീണ്ടും പരിശോധന നടത്തി.

പരിഹാരമുണ്ടാക്കാത്ത കടകൾക്കു പിഴ ചുമത്തി. കോവിഡ് കാലത്ത് അളവുതൂക്ക ഉപകരണങ്ങളുടെ മുദ്രപതിപ്പിക്കൽ സംബന്ധിച്ച പുനഃപരിശോധനാ നടപടികൾ കുടിശികയായവർ ക്കായാണ് ഇപ്പോൾ എല്ലാ ജില്ലകളിലും അദാലത്ത് നടത്തുന്നത്. പിഴത്തുകയിൽ വലിയ ഇളവു നൽകി സംഘടിപ്പിക്കുന്ന അദാലത്ത് പരമാവധി പ്രയോജനപ്പെടുത്തണം.

ലീഗൽ മെട്രോളജി വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കും. വരുന്ന അഞ്ചു വർഷത്തിനകം സംസ്ഥാനത്തെ എല്ലാ ലീഗൽ മെട്രോളജി ഓഫിസുകളും വാടക കെട്ടിടങ്ങളിൽനിന്നു സ്വന്തം കെട്ടിടത്തിലേക്കോ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്കോ മാറ്റണമെന്നും മന്ത്രി നിർദേശിച്ചു. പട്ടം ലീഗൽ മെട്രോളജി ഭവനിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി മേയർ പി.കെ. രാജു, ലീഗൽ മെട്രോളജി കൺട്രോളർ കെ.ടി. വർഗീസ് പണിക്കർ, ഉപഭോക്തൃകാര്യ വകുപ്പ് അഡിഷണൽ സെക്രട്ടറി അബ്ദുൾ മജീദ് കക്കോട്ടിൽ, അഡിഷണൽ കൺട്രോളർ ആർ. റീന ഗോപാൽ, ഡെപ്യൂട്ടി കൺട്രോളർമാരായ എസ്. ജയ, എം. അബ്ദുൾ ഹഫീസ്, ബി.എസ്. അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS