കാസറഗോഡ് : ബദിയടുക്കയിലെ വ്യാപാരസ്ഥാപനങ്ങള്‍ ഉപഭോക്താക്കളില്‍ നിന്നും അമിതവില ഈടാക്കുകയും മറ്റു അളവ് തൂക്ക നിയമലംഘനങ്ങള്‍ നടത്തുകയും ചെയ്യുന്നതായി സോഷ്യല്‍ മീഡിയ വഴിയും നേരിട്ടും വ്യാപക പരാതികള്‍ ലഭിച്ച തിനെ തടര്‍ന്ന് ലീഗല്‍ മെട്രോളജി വിഭാഗം മിന്നല്‍ പരിശോധന നടത്തി. രണ്ടു സ്‌ക്വാഡു കളായാണ് പരിശോധന നടത്തിയത്.
മെഡിക്കല്‍ ഷോപ്പുകള്‍, അനാദി കടകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ബദിയടുക്ക കേന്ദ്രീകരിച്ച് പരിശോധന നടത്തിയ സ്‌ക്വാഡ് മാസ്‌ക്, സാനിറ്റൈസര്‍ പാക്കേജുകള്‍ക്ക് അമിതവില ഈടാക്കിയതിന് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അളവില്‍ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പിലെ ഒരു ഡിസപെന്‍സിങ് യൂണിറ്റ് നിര്‍ത്തി വയ്ക്കാന്‍ നോട്ടീസ് നല്കി.
ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളില്‍ പരിശോധന നടത്തിയ സ്‌ക്വാഡ് ലീഗല്‍ മെട്രോളജി(പാക്കേജ്ഡ് കമ്മോഡിറ്റീസ്) നിയമ പ്രകാരമുള്ള നിയമാനുസൃത പ്രഖ്യാപനങ്ങള്‍ ഇല്ലാതെ പാക്കേജുകള്‍ വില്പന നടത്തിയതിന് രണ്ട് സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കെതിരെ കേസ്സെടുത്തു. ലീഗല് മെട്രോളജി വകുപ്പ് ഇന്ന് നടത്തിയ പരിശോധനയില്‍ ആകെ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.