തിരുവനന്തപുരം: അപകടം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടശേഷം സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയും ഒപ്പമുണ്ടായിരുന്ന യുവതിക്കെതിരെയും പോലീസ് കേസെടുത്തു.ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയം ജങ്ഷന് സമീപമാണ് ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ചത്.
യുവതിയുടെ രക്തസാമ്ബിള്‍ മാത്രമാണ് ശേഖരിച്ചിട്ടുള്ളതെന്നും ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്ബിള്‍ എടുത്തിട്ടില്ലെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡിന്‍ വ്യക്തമാക്കി.
വാഹനം ഓടിച്ചത് ആരാണെന്ന വിവരം വ്യക്തമായിട്ടുണ്ട്. സ്ഥിരീകരിച്ചശേഷം അത് പുറത്തറിയിക്കും. കേസില്‍ ആദ്യം ലഭിച്ച വിവരങ്ങള്‍ തെറ്റായിരുന്നു. രക്തസാമ്ബിള്‍ എടുക്കാന്‍ ചില നിയമ നടപടികളുണ്ട്. ഒരാള്‍ രക്തപരിശോധന നടത്താന്‍ വിസമ്മതിച്ചാല്‍ ആദ്യം അത് ചെയ്യാന്‍ കഴിയില്ല. ഈ പ്രദേശത്ത് സി.സി.ടി.വി. ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലേ എന്ന ചോദ്യത്തിന് എല്ലായിടത്തും സിസിടിവി ക്യാമറകള്‍ വയ്ക്കാനാവില്ലല്ലോ എന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. എല്ലാകാര്യങ്ങളും പരിശോധിച്ചശേഷം കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി എസ്.ഐ. വ്യക്തമാക്കിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ രക്തസാമ്ബിള്‍ എടുത്തിട്ടില്ലെന്നാണ് വിവരം. ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാതെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ അനുവദിക്കുകയും ചെയ്തു.
വാഹനമോടിച്ചത് യുവതിയാണെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞെങ്കിലും ഇവരെ പോലീസ് ആദ്യം കസ്റ്റഡി
യിലെടുത്തിരുന്നില്ല. യൂബര്‍ ടാക്‌സി വിളിച്ച് യുവതിയെ പോലീസ് പറഞ്ഞുവിടുകയായിരുന്നു. പിന്നീട് മാധ്യമപ്രവര്‍ത്തകരെത്തി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പോലീസ് യുവതിയെ ഫോണില്‍ വിളിച്ചുവരുത്തി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാല്‍ ഈ വൈദ്യപരിശോധനയുടെ ഫലവും ഇതുവരെവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും വിശദവിവരങ്ങള്‍ താമസിയാതെ അറിയിക്കുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തത്. അതേസമയം, അപകടസമയത്ത് ആരാണ് വാഹനമോടിച്ചിരുന്നതെന്നവിവരം ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നാണ് പോലീസിന്റെ നിലപാട്.
അമിതവേഗത്തില്‍ വന്ന കാര്‍ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ സ്ത്രീയുമായിരുന്നു വാഹനത്തില്‍. അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എന്നാല്‍ അപകടസമയത്ത് താനല്ല, സുഹൃത്താണ് കാറോടിച്ചതെന്നാണ് ഇദ്ദേഹം പോലീസിനോട് പറഞ്ഞത്. വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരില്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്നത്.