അസത്യം പറയാനുള്ളതല്ല മാധ്യമ സ്വാതത്ര്യം ; മുഖ്യമന്ത്രി

11

തിരുവനന്തപുരം : മാധ്യമസ്വാതന്ത്ര്യമെന്നത്‌ അസത്യം പറയാനുള്ള സ്വാതന്ത്ര്യമല്ല, മറിച്ച്‌ വായനക്കാരന്റെ സത്യം അറിയാനുള്ള സ്വാതന്ത്ര്യമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രര്‍ത്തനത്തിന്റെ ഭാഗമായ കാര്യമല്ല വ്യാജ വീഡിയോ നിര്‍മ്മാണവും അതിന്റെ സംപ്രേഷണവും. പ്രായപൂര്‍ത്തിയാ കാത്ത ഒരു പെണ്‍കുട്ടിയെ അവളറിയാതെ അതില്‍ പെടുത്തുക കൂടി ചെയ്തിട്ട് മാധ്യമ പ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്നു പറയുന്നത് ധീരമായ പത്രപ്രവര്‍ത്തനമല്ല. ഇത്തരം ദുഷിപ്പുകള്‍ മാധ്യമരംഗത്ത് ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നവരാണ് മഹാഭൂരിപക്ഷം പേരും. എതിർ അഭിപ്രായങ്ങൾ എഴുതുന്ന മാധ്യമങ്ങൾക്കെതിരെ ആക്രമണ ങ്ങൾ നടത്തുന്നത്‌ ഞങ്ങളുടെ രീതിയല്ല.

വ്യാജ വീഡിയോ ഉണ്ടാക്കല്‍, പെണ്‍കുട്ടികളുടെ ദുരുപയോഗം എന്നിവ നടത്തിയിട്ട് മാധ്യമവര്‍ത്തനത്തിനുള്ള പരിരക്ഷ ഈ കുറ്റകൃത്യങ്ങള്‍ക്കും വേണം എന്നു വാദിക്കുന്നവര്‍, നാളെ ഒരാള്‍ വാര്‍ത്താ സംപ്രേഷണ ജോല്ലിക്കിടെ ഒരാളെ കൊലപ്പെടുത്തി യെന്നു വിചാരിക്കുക. കൊലപാതകം കൊലപാതകമല്ലാതാവുമോ? മാധ്യമ പരിരക്ഷയുള്ള സല്‍കൃത്യമാവുമോ മാധ്യമ സ്വാതന്ത്ര്യത്തിന്റെ വിഷയമേ ഈ പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിക്കെതിരെ നിയമപരമായി നടപടി എടുക്കുന്നത് ബന്ധപ്പെട്ട വ്യക്തിയുടെ തൊഴില്‍ എന്താണ് എന്നതു നോക്കിയല്ല. അങ്ങനെ ചെയ്യാന്‍ നിയമം അനുവദിക്കുന്നുമില്ല. ഇവിടെയുണ്ടായ നടപടിയെ ബിബിസി റെയ്ഡുമായി താരതമ്യപ്പെടുത്തുകയൊന്നും വേണ്ട. അതിന് ഇതുമായി ഒരു താരതമ്യവുമില്ല.

ബി ബി ബി സി ക്കെതിരായ നടപടി ഒരു ഭരണാധികാരിയുടെ വര്‍ഗീയ കലാപത്തിലെ പങ്ക് വെളിച്ചത്തു കൊണ്ടുവന്നതിനായിരുന്നു. ഇവിടുണ്ടായ വ്യാജ വീഡിയോ നിര്‍മ്മാണമോ? അത് ഏതെങ്കിലും സര്‍ക്കാരിനോ ഭരണാധികാരിക്കോ എതിരെയുള്ള തുറന്നു കാട്ടലല്ല. അതുകൊണ്ടുതന്നെ അതില്‍ അധികാരത്തിലുള്ള ആര്‍ക്കെങ്കിലും എന്തെങ്കിലും വിരോധം തോന്നേണ്ട കാര്യമില്ല. അതുകൊണ്ടു തന്നെ ഇവിടെ പ്രതികാര നടപടി എന്നോ വൈരനിര്യാതന നടപടി എന്നോ ഒന്നും പറഞ്ഞാല്‍ വിലപ്പോവില്ല. ആ വ്യാജവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഒരുവിധ പ്രകോപനവും ഉണ്ടാക്കുന്നില്ല.

ഒരു വ്യക്തി ഒരു സംഭവത്തിന്റെ കാര്യത്തില്‍ പരാതിയുമായി വരുന്നു. അത് വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അങ്ങനെ ഒരു പരാതി വന്നാല്‍ പൊലീസ് എന്തു ചെയ്യണം? ഇത് മാധ്യമവുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞ് കീറി കൊട്ടയിലിടണോ? അതാണോ നിയമവ്യവസ്ഥ? പ്രതിപക്ഷമായിരുന്നു ഗവണ്‍മെന്റിലെങ്കില്‍ അതാണോ ചെയ്യുക? സര്‍ക്കാരിനെതിരായ വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ പ്രതികാര നടപടികള്‍ ഉണ്ടായിട്ടുണ്ട്. അത് ഇവിടെയല്ല. ദ വയര്‍, ന്യൂസ് ചെക്ക് എന്നിവയ്‌ക്കെതിരെ. അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനു മുമ്പുളള എന്‍. ഡി. ടി. വി ക്കെതിരെ. ആ നടപടികള്‍ ഒന്നും വാര്‍ത്തേതര കാര്യങ്ങള്‍ മുന്‍നിര്‍ത്തിയല്ല. സര്‍ക്കാരിനെതിരെ വാര്‍ത്ത കൊടുത്തതിനായിരുന്നു. അന്നൊന്നും ഈ പ്രതിഷേധക്കാരെയൊന്നും കണ്ടില്ല.

കുറ്റകൃത്യം ചെയ്യുന്നതു മാധ്യമ പ്രവര്‍ത്തകരാണെങ്കില്‍ നടപടി വേണ്ട എന്നു പറയുന്നതല്ല നമ്മുടെ ഐ.പി.സിയും സി. ആര്‍. പി. സിയും. മാധ്യമ പ്രവര്‍ത്തകര്‍ എന്നും അല്ലാത്തവര്‍ എന്നും പൗരജനങ്ങളെ ഭരണഘടന രണ്ടായി വേര്‍തിരിച്ചു കാണുന്നുമില്ല. സ്വത ന്ത്രവും നിര്‍ഭയവുമായ മാധ്യമ പ്രവര്‍ത്തനത്തിന് എല്ലാ പരിരക്ഷയും ഉണ്ടാവും. ഈ സര്‍ക്കാരിനെതിരെ എന്തെല്ലാം വിമര്‍ശനങ്ങള്‍ എഴുതി? എന്തെല്ലാം വിളിച്ചു പറഞ്ഞു? വല്ല നടപടിയും ഉണ്ടായോ? പകപോക്കലുണ്ടായോ? ഇല്ല. പക്ഷെ, അതുപോലല്ല ഈ പ്രമേയ ത്തിന് അടിസ്ഥാനമായ കുറ്റകൃത്യം. ഈശ്വരന്‍ തെറ്റു ചെയ്താല്‍ അതും താന്‍ റിപ്പോര്‍ട്ടു ചെയ്യും എന്നാണു സ്വദേശാഭിമാനി പറഞ്ഞത്. വ്യാജറിപ്പോര്‍ട്ടുകള്‍ നല്‍കുന്നവര്‍ക്ക് ആ പേര് ഉച്ചരിക്കാന്‍ പോലും അവകാശമില്ല. പെണ്‍കുട്ടികളെ ദുരുപയോഗിച്ചു വ്യാജം സൃഷ്ടി ക്കുന്നവര്‍ ഉണ്ടാവുമെന്ന് സ്വപ്നത്തില്‍പോലും സ്വദേശാഭിമാനി കരുതിയിട്ടുണ്ടാവില്ല. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നിയമത്തിന്റെ അതിരു ലംഘിച്ചിട്ടുണ്ടെങ്കില്‍ സ്വാഭാവികമായും നടപടിയുണ്ടാവും.

അക്രമം ഉണ്ടായിട്ടില്ലെന്നും സമാധാനപരമായ പ്രതിഷേധ പ്രകടനമേ ഉണ്ടായിട്ടുള്ളു എന്നുമാണ് വ്യാജ വീഡിയോ നിര്‍മിച്ചതായ പരാതി നേരിടുന്ന ചാനലിലെ വിഷ്വലില്‍ നിന്നുപോലും വ്യക്തമാവുന്നത്. അതേസമയം, പരാതിക്കു മേല്‍ നടപടി ഉണ്ടായിട്ടുമുണ്ട്.
എതിരഭിപ്രായങ്ങള്‍ എഴുതുന്ന മാധ്യമങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്നത് ഞങ്ങളുടെ രീതിയല്ല. അടിയന്തരാവസ്ഥയില്‍ നടന്ന സെന്‍സര്‍ഷിപ്പും കുല്‍ദീപ് നയ്യാരെപ്പോലുള്ളവരുടെ അറസ്റ്റും മറക്കാനാവില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ആ വാര്‍ത്ത പുറത്തുവരുന്നത് തടയാന്‍ മാധ്യമങ്ങള്‍ക്ക് വൈദ്യുതി നിഷേധിച്ചതും മറക്കാനാവില്ല. ഏഴു വിദേശ റിപ്പോര്‍ട്ടര്‍മാരെ രാജ്യത്തിനു പുറത്താക്കി. 250 പത്രപ്രവര്‍ത്തകരെ ജയിലിലടച്ചു. 54 പേര്‍ക്ക് അക്രഡിറ്റേഷന്‍ നിഷേധിച്ചു. ഭീകരവിരുദ്ധ രീതികള്‍ വരെ പത്രക്കാര്‍ക്കെതിരെ പ്രയോഗിച്ചു.

പത്രസ്ഥാനപങ്ങളില്‍ റെയ്ഡ് നടത്തുന്നതും പത്രക്കാരെ ജയിലിലടക്കുന്നതും പത്രമാരണ നിയമങ്ങള്‍ ഉണ്ടാക്കുന്നതും പത്രങ്ങളെ തങ്ങളുടെ ചങ്ങാത്ത മുതലാളിത്ത കോര്‍പ്പറേറ്റുകളെ കൊണ്ട് ഏറ്റെടുപ്പിക്കുന്നതും പത്രങ്ങള്‍ക്ക് ന്യൂസ്പ്രിന്റ് ക്വാട്ട വെട്ടിക്കുറക്കു ന്നതും പരസ്യങ്ങള്‍ നിഷേധിക്കുന്നതും നിങ്ങള്‍ ഇരുകൂട്ടരുടെയും രീതി. വാര്‍ത്താ ഏജന്‍സികളെ സമാഹരിച്ച് സംഘപരിവാറിന്റെ കീഴിലാക്കുന്നതും പത്രസ്ഥാപനങ്ങള്‍ വരെ പൂട്ടിക്കുന്നതും ഒക്കെ നിങ്ങളുടെ രീതി. ഇതൊന്നും ഞങ്ങളുടേതാണെന്ന് വരുത്തി ത്തീര്‍ക്കാന്‍ ശ്രമിക്കേണ്ട. ഞങ്ങളെന്നും, എപ്പോഴും, നാളെയും മാധ്യമസ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയിട്ടുണ്ട്. ഇനി പോരാടുകയും ചെയ്യും. മാധ്യമ സ്വാതന്ത്ര്യമെന്നത് അസത്യം അറിയിക്കാനുള്ള സ്വാതന്ത്ര്യമല്ല, മറിച്ച് വായന ക്കാരന്റെ സത്യം അറിയാനുള്ള സ്വാതന്ത്ര്യമാണ്. അതു സര്‍ക്കാര്‍ പരിരക്ഷിക്കുക തന്നെ ചെയ്യും.

NO COMMENTS

LEAVE A REPLY