കൊച്ചി : സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തില്‍ സര്‍ക്കാരിനു മാനേജ്മെന്റുകളുമായി കരാറുണ്ടാക്കാമെന്ന വ്യവസ്ഥ റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്ന് അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദ്. വ്യക്തിഗത മാനേജ്മെന്റുകളുമായി കരാര്‍ ഒപ്പിടാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥ അസാധുവാക്കിയതിനെതിരേ അപ്പീല്‍ നല്‍കുന്ന കാര്യം സര്‍ക്കാരുമായി ആലോചിക്കും. നിയമത്തിലും വ്യവസ്ഥയിലും എന്തുപറഞ്ഞാലും ഫീസ് ഉള്‍പ്പെടെയുള്ള സംഗതികളില്‍ മാനേജ്മെന്റുകളുമായി കരാര്‍ ഒപ്പിടാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നാണു നിയമത്തിലെ 17 -ാം സെക്ഷനില്‍ പറയുന്നത്. ഇത് അസാധുവാക്കുന്നതിലൂടെ ചില വിഭാഗങ്ങളുടെ ഫീസ് ഇളവടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത ഇല്ലാതാകുമെന്നാണ് അധികൃതരുടെ ആശങ്കയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.