കൊച്ചി ∙ സ്വാശ്രയ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് സീറ്റുകൾ ഏറ്റെടുത്ത സർക്കാർ ഉത്തരവിന് ഉപാധികളോടെ ഹൈക്കോടതിയുടെ സ്റ്റേ. എംബിബിഎസ് ഡന്റൽ പ്രവേശനം നീറ്റ് അടിസ്ഥാനമാക്കി വേണം. മാനേജ്മെന്റുകൾക്ക് അപേക്ഷ സ്വീകരിക്കാമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. അപേക്ഷകരുടെ റാങ്ക് പ്രവേശനത്തിന് മാനദണ്ഡമാക്കണം. അപേക്ഷയുടെ വിവരങ്ങൾ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യണം. പ്രോസ്പെക്ടസിന് പ്രവേശന മേൽനോട്ട സമിതിയുടെ അനുമതി വേണം. സർക്കാർ ഉത്തരവ് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. വിധി സ്വാഗതാർഹമാണ് സ്വകാര്യ മാനേജ്മെന്റ് അധികൃതർ പ്രതികരിച്ചു.
മെഡിക്കൽ പ്രവേശനം നീറ്റ് പട്ടികയിൽനിന്ന് മാത്രമാകണമെന്നു സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തു. സർക്കാർ സീറ്റുകളിലേക്ക് സർക്കാരിന്റെ പൊതു പ്രവേശന പരീക്ഷയെ ആസ്പദമാക്കി പ്രവേശനം നടത്തും. ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് അൻപത് ശതമാനം സീറ്റുകളിലേക്ക് പ്രവേശനം നടത്താം. പക്ഷേ, അതും നീറ്റ് പരീക്ഷയിലെ പട്ടിക മാനദണ്ഡമാക്കി റാങ്ക് അടിസ്ഥാനമാക്കി തന്നെ പ്രവേശനം നടത്തണം. മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനവും റാങ്ക് അടിസ്ഥാനമാക്കി വേണം നടത്താൻ. ഇതിന്റെയും പട്ടിക സർക്കാർ നൽകുമെന്നും എജി കോടതിയെ അറിയിച്ചു.
എന്നാൽ, ഈ നടപടി പ്രായോഗികമാണോയെന്ന് ഹൈക്കോടതി ചോദിച്ചു. നീറ്റ് മാനദണ്ഡമാക്കി മാനേജ്മെന്റ് സീറ്റുകളിലേക്ക് സർക്കാർ നൽകുന്ന പട്ടിക പ്രകാരം പ്രവേശനം നടത്തുന്നത് പ്രായോഗികമല്ലെന്നു മാനേജ്മെന്റുകളും നിലപാടെടുത്തു. സീറ്റ് പങ്കിടാൻ രണ്ടുവട്ടം ചർച്ച നടത്തിയിട്ടും പരാജയപ്പെട്ടെന്ന് സർക്കാർ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഴുവൻ സീറ്റുകളിലേക്കും പ്രവേശനം നടത്താൻ സർക്കാർ തീരുമാനമെടുത്തതെന്നും എജി കോടതിയെ അറിയിച്ചു.