തിരുവനന്തപുരം : നെയ്യാർ സഫാരി പാർക്കിൽ മൃഗങ്ങളെ പാർപ്പിക്കുന്നതിനും ചികിത്സിക്കുന്ന തിനുമായി നിർമ്മിച്ചിരിക്കുന്ന കൂടുകൾ നവീകരിക്കുമെന്നും പുതിയ ചികിത്സാകൂട് നിർമ്മിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു.
വയനാട്ടിൽ നിന്നും ഇവിടെയെത്തിച്ച പെൺകടുവ കൂട്ടിൽ നിന്നും പുറത്തുചാടിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി, നിലവിലുള്ള സംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നിർദേശങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ വകുപ്പുസെക്രട്ടറിക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. നിലവിലുള്ള കൂടുകൾ ബലമുള്ളതാണെങ്കിലും പഴക്കമുള്ളവയാണ്.
ആയതിനാൽ പഴയ കമ്പികളും വെൽഡിങ്ങുകളും മാറ്റി പുതിയവ സ്ഥാപിക്കും. അത്യാധുനിക സംവിധാനങ്ങൾ ആവശ്യമെങ്കിൽ അതിനുള്ള നടപടികളും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
മൃഗങ്ങളെ പാർപ്പിക്കുന്ന സ്ഥലത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമറകൾ സ്ഥാപിക്കും. ഉയർന്ന ഉദ്യോഗസ്ഥർ പ്രത്യേക കാലയളവിൽ അവിടം സന്ദർശിച്ച് സുരക്ഷ പരിശോധിക്കുന്നുവെന്നത് ഉറപ്പുവരുത്താൻ പ്രത്യേക ഡയറി സൂക്ഷിക്കും.
സംസ്ഥാനത്ത് ചികിത്സയും പരിചരണവും ആവശ്യമുള്ള കടുവകളെ പുന:രധിവസിപ്പിക്കാൻ വയനാട്ടിൽ ടൈഗർ സെൻറർ സ്ഥാപിക്കുന്ന തിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കേന്ദ്രം സജ്ജമായിക്കഴിഞ്ഞാൽ പരിചരണം ആവശ്യമുള്ള കടുവകളെ അങ്ങോട്ട് മാറ്റും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നെയ്യാർ ലയൺ സഫാരി പാർക്ക് ഒരാഴ്ചയ്ക്കുള്ളിൽ സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിൽ നിന്നെത്തി വാർത്തയിൽ സ്ഥാനം പിടിച്ച പെൺകടുവയ്ക്ക് ‘വൈഗ’ എന്ന പേരിട്ട ശേഷമാണ് മന്ത്രി മടങ്ങിയത്.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്ര കുമാർ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദേവപ്രസാദ്, തിരു. വൈൽഡ് ലൈഫ് വാർഡൻ ജെ.ആർ. അനി, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയെ അനുഗമിച്ചു.