വൈദ്യശാസ്ത്ര ഉപകരണ നിർമാണകേന്ദ്രമാക്കി കേരളത്തെ മാറ്റാൻ മെഡ്സ് പാർക്കിനാകും -മുഖ്യമന്ത്രി

26

തിരുവനന്തപുരം : വൈദ്യ ശാസ്ത്ര ഉപകരണ നിർമാണകേന്ദ്രമാക്കി കേരളത്തെ മാറ്റാൻ മെഡ്സ് പാർക്ക് യാഥാർഥ്യമാകുന്നതോടെ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ ഡിവൈസസ് പാർക്ക് നിർമാണോദ്ഘാടനം തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ വീഡിയോ കോൺഫറൻസിലൂടെ നി്ർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വ്യാവസായിക വളർച്ചയിൽ നാഴികക്കല്ലാകാൻ പോകുന്ന പദ്ധതിയാണിത്. മെഡിക്കൽ ഗവേഷണം, പുതിയ മെഡിക്കൽ ഉപകരണങ്ങളുടെ വികസിപ്പിക്കൽ, വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ മൂല്യനിർണയം തുടങ്ങി വൈദ്യശാസ്ത്ര വിപണി ആവശ്യപ്പെടുന്ന എല്ലാവിധ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് മെഡ്സ് പാർക്കിലൂടെ ലക്ഷ്യമിടുന്നത്.

ബയോടെക്നോളജി ഗവേഷണത്തിനൊപ്പം സംരഭകത്വവും ഉറപ്പാക്കുകയാണ് സർക്കാർ നയം. ഈ രംഗത്തേക്ക് നിക്ഷേപകരെ വൻതോതിൽ ആകർഷിക്കുന്ന വ്യാവസായിക ആവാസ വ്യവസ്ഥ സൃഷ്ടിക്കുകയും സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക പ്രോത്സാഹനം നൽകുകയും ചെയ്യും.

ഏതാണ്ട് 80,000 കോടി രൂപയുടെ മെഡിക്കൽ ഉപകരണ വിപണിയാണ് രാജ്യത്തുള്ളത്. എന്നിട്ടുപോലും ഇവിടെ ആവശ്യമുള്ള മെഡിക്കൽ ഉപകരണങ്ങളുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ടുതന്നെ മെഡ്സ് പാർക്കിന് വലിയ സാധ്യതയാണുള്ളത്. വൈദ്യശാസ്ത്ര ഉപകരണരംഗത്ത് പ്രവർത്തിക്കുന്ന കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കുമാണ് മെഡ്സ് പാർക്കിലെ സൗകര്യങ്ങൾ ഏറെ പ്രയോജനപ്പെടുക. പദ്ധതി യാഥാർഥ്യമാകുന്നതോടെ 1200 പേർക്ക് നേരിട്ടും 5000 പേർക്കു പരോക്ഷമായും തൊഴിലവസരമുണ്ടാകും.

ലോകത്ത് അതിവേഗം വികസിക്കുന്ന മേഖലയാണ് ബയോടെക്നോളജി. കേരളത്തിന്റെ സമൃദ്ധവും വൈവിധ്യ മാർന്നതുമായ ജൈവസമ്പത്ത് വിവേചന ബുദ്ധിയോടെ പ്രയോജനപ്പെടുത്തിയാൽ വ്യാവസായിക വികസന രംഗങ്ങളിൽ കുതിച്ചുച്ചാട്ടം നടത്താനാകും. ഇതു തിരിച്ചറിഞ്ഞാണ് സംസ്ഥാനത്തെ പൊതു വ്യവസായ മേഖലയെ ജൈവ മേഖലയുമായി കണ്ണിചേർക്കുന്ന പ്രക്രിയയ്ക്ക് സർക്കാർ തുടക്കമിട്ടത്.

ഈ സർക്കാർ അധികാരത്തിൽ എത്തിയശേഷം ലൈഫ് സയൻസ് പാർക്കിന്റെ വികസനത്തിനായി വലിയ ഇടപെടലുകളാണ് നടത്തിയത്. രണ്ടുഘട്ടങ്ങളിലായി 155 ഏക്കർ ഭൂമിയാണ് ഇതിനായി ഏറ്റെടുത്തത്.
ഒന്നാംഘട്ടത്തിൽ ഉൾപ്പെടുന്ന വിവിധ പദ്ധതികൾക്ക് സ്ഥലം അനുവദിക്കുകയും ചെയ്തു. ഇതിലെ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി. ഇതിനൊപ്പം പുതിയ മെഡ്സ് പാർക്ക് കൂടി യാഥാർഥ്യമാകുന്നതോടെ ലൈഫ് സയൻസ് പാർക്കിന്റെ വികസനം ദ്രുതഗതിയിലാകും.

ശരീരത്തിനകത്തും പുറത്തും ഘടിപ്പിക്കാവുന്ന ഹൈ റിസ്‌ക് ഉപകരണങ്ങളുടെ ഗവേഷണത്തിനും വികസനത്തിനു മായിരിക്കും മെഡ്സ് പാർക്ക് ഊന്നൽ നൽകുക. ഇതുവഴി ഹൈറിസ്‌ക് വിഭാഗത്തിൽപ്പെട്ട വൈദ്യ ശാസ്ത്ര ഉപകരണങ്ങളുടെ ഉത്പാദനത്തിൽ രാജ്യത്തിനുള്ള മുൻതൂക്കം പ്രയോജനപ്പെടുത്താനും വൈദ്യ ശാസ്ത്ര ഉപകരണ നിർമാണകേന്ദ്രമാക്കി കേരളത്തെ മാറ്റാനും മെഡ്സ് പാർക്കിന് കഴിയും.

ദീർഘവീക്ഷണത്തോടെ ആരംഭിക്കുന്ന ഈ പദ്ധതിയുമായി സഹകരിക്കാൻ കൂടുതൽ കമ്പനികളും സ്റ്റാർട്ടപ്പുകളും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങളിൽ മികച്ച ജൈവസാങ്കേതിക വളർച്ച നേടാൻ കഴിയും. ഈരംഗത്ത് ഉപയോഗിക്കാൻ കഴിയുന്ന മെച്ചപ്പെട്ട മനുഷ്യ വിഭവ ശേഷി കേരളത്തിന്റെ പ്രത്യേകതയാണ്. ഇതും കേരളത്തിലുള്ള ഗവേഷണ സ്ഥാപനങ്ങളും ഉപയോഗപ്പെടുത്തി ലൈഫ് സയൻസ് പാർക്കിനെ ജൈവസാങ്കേതിക രംഗത്തെ ശ്രേഷ്ഠ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ വ്യവസായമന്ത്രി ഇ.പി ജയരാജൻ അധ്യക്ഷത വഹിച്ചു. അടിസ്ഥാനസൗകര്യ രംഗത്തെ സാധ്യതകൾ ഉപയോഗപ്പെടുത്തി വ്യവസായരംഗത്ത് കേരളത്തെ മുൻനിരയിൽ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വ്യവസായസംരംഭങ്ങൾക്കുള്ള അനുമതി നടപടിക്രമങ്ങൾ ലഘൂകരിച്ചതും ഇതിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു.

ഡെപ്യൂട്ടി സ്പീക്കർ വി.ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോളവൻ, കെ.എസ്.ഐ.ഡി.സി എം.ഡി എം.ജി. രാജമാണിക്യം, ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ: ആശാ കിഷോർ, മറ്റ് തദ്ദേശസ്ഥാപന ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
ഗവേഷണം, നവീന ഉപകരണങ്ങളുടെ നിർമ്മാണം, പരീക്ഷണം, പുതിയ സാങ്കേതികവിദ്യകൾ, വിജ്ഞാന വിനിമയം തുടങ്ങി മെഡിക്കൽ രംഗത്തെ ഉപകരണ വിപണിയ്ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് മെഡിക്കൽ ഡിവൈസസ് പാർക്കിലൂടെ ലക്ഷ്യമിടുന്നത്.

ലൈഫ് സയൻസ് പാർക്കിലെ ഒമ്പത് ഏക്കർ സ്ഥലത്ത് 230 കോടി രൂപ ചെലവിലാണ് പാർക്ക് ഉയരുക. 150 കോടി സംസ്ഥാന വിഹിതവും ബാക്കി 80 കോടി കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ ഏജൻസികളിൽനിന്നും ലഭ്യമാക്കും. 2.6 ലക്ഷം ചതുരശ്ര അടിയിലുള്ള കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമാണ് സജ്ജമാക്കുക. ഒന്നാംഘട്ട നിർമ്മാണത്തിന്റെ 62 കോടിയുടെ ടെൻഡർ നടപടികൾ ഇതിനകം പൂർത്തിയായി. 18 മാസം കൊണ്ട് നിർമ്മാണം പൂർത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ആഗോള സ്വീകാര്യത ഉറപ്പാക്കാൻ മെഡിക്കൽ ഡിവൈസ് ടെസ്റ്റിംഗ് ആൻഡ് ഇവാല്യുവേഷൻ സെന്റർ, ഗവേഷണത്തിനും ഉപകരണ വികസനത്തിനും റിസേർച്ച് ആൻഡ് ഡവലപ്‌മെന്റ് റിസോഴ്സ് സെന്റർ, തുടർപരിശീലനം, നിയമസഹായം, ക്ലിനിക്കൽ ട്രയൽ എന്നിവയുമായി ബന്ധപ്പെട്ട് നോളജ് സെന്റർ, സ്റ്റാർട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കാൻ ടെക്നോളജി ബിസിനസ് ഇൻക്യുബേഷൻ സെന്റർ, കമ്പനികൾക്ക് പാട്ടത്തിന് നൽകുന്ന നിർമ്മാണ യൂണിറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ പാർക്കിൽ ഒരുക്കും.

NO COMMENTS