കാസർഗോഡ് : മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ മുഖഛായ മാറ്റാനുള്ള ചെമ്മട്ടം വയല്‍-കാലിച്ചാനടുക്കം മെക്കാഡം റോഡിന്റെ നവീകരണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. 2018 -19 ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നവീകരണത്തിന് അനുമതി നല്‍കിയത്. 24 കോടി രൂപയാണ് മെക്കാഡം റോഡ് നവീകരണത്തിനായി സര്‍ക്കാര്‍ അനുവദിച്ചത്. ആദ്യത്തെ റീച്ചിന്റെ എട്ട് കിലോ മീറ്റര്‍ റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. 10.6 കിലോ മീറ്റര്‍ റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു.
ചെമ്മട്ടം വയലില്‍ നിന്ന് ആരംഭിച്ച് കാലിച്ചാനടുക്കത്ത് അവസാനിക്കുന്ന റോഡാണിത്. 1957 ല്‍ ആണിത് നിര്‍മ്മിച്ചത്. കുറച്ച് കാലമായി കുണ്ടും കുഴിയും നിറഞ്ഞ് റോഡ് ഗതാഗത യോഗ്യമല്ലാതിരിക്കുന്നു.
നിലവിലുള്ള റോഡിന് എട്ട് മീറ്റര്‍ വീതി ഇല്ലാത്ത സ്ഥലങ്ങളില്‍ വീതി എട്ട് മീറ്റര്‍ ആയി വര്‍ദ്ധിപ്പിക്കും. ഒരേ സമയം നാല് വാഹനങ്ങള്‍ക്കു വരെ പോകാനുള്ള സൗകര്യവും റോഡിന് ഉണ്ടായിരിക്കും. പതിനായിരക്കണക്കിന് ആളുകള്‍ക്ക് മെക്കാഡം റോഡ് നവീകരണം പ്രയോജനപ്പെടും.
കാഞ്ഞിരപ്പൊയില്‍ ഐ എച്ച് ആര്‍ ഡി കോളേജ്, കാഞ്ഞിരപ്പൊയില്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍, മടിക്കൈ ഫസ്റ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കാലിച്ചാനടുക്കം ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കിഴക്കന്‍ മേഖലയായ പരപ്പ, കോടം-ബേളൂര്‍ എന്നിവിടങ്ങളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇവര്‍ക്ക് ഈ റോഡിന്റെ നവീകരണം ഏറെ പ്രയോജനപ്പെടും. റോഡ് നവീകരണം പൂര്‍ത്തീകരിച്ചാല്‍ പരപ്പ, കാലിച്ചാനടുക്കം തുടങ്ങിയ മലയോര പ്രദേശത്ത് നിന്ന് കാഞ്ഞങ്ങാട് ടൗണിലേക്ക് വരുന്നവര്‍ക്ക് എട്ട് കിലോമീറ്ററോളം ദൂരം കുറഞ്ഞ് കിട്ടും.
യാത്രക്കാര്‍ക്ക് കാഞ്ഞങ്ങാട് നിന്നും കാസര്‍കോടിന്റെ കിഴക്കേ ഭാഗത്ത് കൂടി പോകുന്ന മലയോര ഹൈവേയിലേക്ക് എളുപ്പം എത്തിപ്പെടാനും കണ്ണൂര്‍ ഭാഗത്തേക്ക് പോകാനും എളുപ്പമാണ്. മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കൂടി പോകുന്ന റോഡായതിനാല്‍ മെക്കാഡം റോഡിന്റെ നവീകരണം പൂര്‍ത്തിയാവുന്നതോടെ ഗ്രാമ പഞ്ചായത്തിന്റെ മുഖഛായ തന്നെ മാറുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി പ്രഭാകരന്‍ പറഞ്ഞു.