ന്യൂഡല്‍ഹി : രാജ്യത്ത് നടക്കുന്ന പ്രവാസികളുടെ വിവാഹങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നുള്ള വ്യവസ്ഥ കൊണ്ടുവരുമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി അറിയിച്ചു. വിവാഹം 48 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്പോര്‍ട്ടും വിസയുമടക്കമുള്ള കാര്യങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രവാസികള്‍ ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിക്കുന്ന അവസ്ഥ തടയുന്നതിനാണ് മന്ത്രാലയം നടപടിയുമായി രംഗത്തെത്തിയത്. വിവാഹ ബന്ധത്തിലെ പ്രശ്നങ്ങള്‍ രൂക്ഷമാകുകയും, ഗാര്‍ഹികപീഡനങ്ങള്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളാകുകയും ചെയ്യുമ്പോള്‍ പലരും ഇത്തരത്തില്‍ വിദേശത്തേക്ക് കടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സമീപ കാലത്തായി ആറ് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് വനിതാ ശിശുക്ഷേമ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അഞ്ച് കേസിലും മന്ത്രാലയം പാസ്പോര്‍ട്ടും വിസയും റദ്ദു ചെയ്തു.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ജൂണ്‍ 11ന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രവാസികളെ വിവാഹം കഴിക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള ‘ലക്ഷമണ രേഖ’യാണ് ഇതെന്നും അവര്‍ പറഞ്ഞു.