തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന് പ്രധാന മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ആധുനികവത്ക്കരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളെ പുനരധിവസിപ്പിക്കലും ഫാമിലി ഷോട്ട് സ്റ്റേ ഹോം നിര്‍മ്മാണോദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. മാനസിക രോഗം ബാധിച്ചവരെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സയ്ക്കായി കൊണ്ടു വന്നാല്‍ അസുഖം ഭേദമായാലും കുടുംബം തിരിഞ്ഞു നോക്കാത്ത അവസ്ഥയുണ്ട്. ഇത്തരക്കാരോട് മനുഷ്യത്വപൂര്‍ണമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിനാലാണ് ഇവരുടെ പുനരധിവാസത്തിനായി സാമൂഹ്യ നീതി വകുപ്പ് പദ്ധതി തയ്യാറാക്കിയത്. മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജയിലില്‍ നിന്നും മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തുന്ന പലരെയും കുടുംബം ഏറ്റെടുക്കാറില്ല. ഇവരെ പുനരധിവസിപ്പിക്കാന്‍ ഷോട്ട് സ്റ്റേ ഹോമിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു.മേയര്‍ വി.കെ. പ്രശാന്ത്, സാമൂഹ്യനീതിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത, സബ് ജഡ്ജ് ജൂബിയ എ, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അഷീല്‍, മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് എല്‍. അനില്‍ കുമാര്‍, ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.