കോഴിക്കോട്: ആത്മപരിശോധനയ്ക്കും സ്വയംവിമര്‍ശനത്തിനും മാധ്യമങ്ങള്‍ തയാറാവുകയാണു വേണ്ടതെന്നും സ്ഥാപിതതാല്‍പ്പര്യങ്ങളും രാഷ്ട്രീയ വിയോജിപ്പും പ്രകടിപ്പിക്കാനുള്ള അവസരമല്ല ആപല്‍ഘട്ടങ്ങളെന്ന് എല്ലാവരും ഓര്‍ക്കേണ്ടതായിരുന്നെന്നും മലയാളം വാര്‍ത്താ ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
ജനങ്ങളെ പരസ്പരം തമ്മില്‍തല്ലിക്കാതിരിക്കാനും സമാധാനം ഉറപ്പുവരുത്താനുമുള്ള ഉത്തരവാദിത്വം സര്‍ക്കാരിനെന്നപോലെ മാധ്യമങ്ങള്‍ക്കുമുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു. മലയാളം വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നിവയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ 48 മണിക്കൂര്‍ സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി 7.30ന് നിലവില്‍ വന്ന വിലക്ക് ഞായറാഴ്ച രാത്രി 7.30വരെ തുടരും.
ഒരു പ്രത്യേക വിഭാഗത്തിന് അനുകൂലമായി ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണ്ണും റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പറയുന്നത്. ഇത് 1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്സ് നിയമങ്ങള്‍ക്ക് എതിരാണെന്നു മന്ത്രാലയം വിലയിരുത്തി. ഡല്‍ഹി കലാപം ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്തുവെന്നതിന്റെ പേരില്‍ ഫെബ്രുവരി 28ന് ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
മാര്‍ച്ച് മൂന്നിനു ചാനലുകള്‍ മറുപടി നല്കി. എന്നാല്‍, ചാനലുകളുടെ വിശദീകരണം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം തള്ളി. ഇതിനു പിന്നാലെയാണു വിലക്കേര്‍പ്പെടുത്തിയ നടപടിയുണ്ടായത്. മലയാളം ചാനലുകള്‍ക്ക് ഏര്‍പ്പെടുത്തിയ സംപ്രേഷണവിലക്ക് ഗൗരവതരമാണ്. ദുഖകരമായ ഒരു വര്‍ഗീയകലാപത്തെക്കുറിച്ച് തികഞ്ഞ സംയമനത്തോടെയും വിവേകപൂര്‍വവും നിയമവിധേയവുമായ നിലയിലും വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട് എന്നും സുരേന്ദ്രന്.പറഞ്ഞു