വിവരങ്ങൾ മനസ്സിലാക്കാതെയുള്ള മത്സ്യവിപണന പരാതികൾക്ക് അടിസ്ഥാനമില്ല – മന്ത്രി ജെ. മെഴ്സിക്കുട്ടിഅമ്മ

58

തിരുവനന്തപുരം : കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആൾക്കൂട്ടം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഹാർബറുകളിൽ നടപ്പാക്കി വരുന്ന മത്സ്യ വിപണനത്തിനെതിരെയുള്ള ആക്ഷേപങ്ങൾ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാത്തതുകൊണ്ടാണെന്ന് മത്സ്യബന്ധന-ഹാർബർ എൻജിനീയറിംഗ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.

മത്സ്യത്തൊഴിലാളികൾക്ക് ഇതുവരെ ലഭിക്കാത്ത ഉയർന്ന വിലയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാക്കിയതിലൂടെയാണ് ഇത് സാദ്ധ്യമാക്കി തീർത്തത്. ഒരാഴ്ചത്തെ വിലയുടെ അടിസ്ഥാനത്തിലുള്ള ശരാശരി വിലയാണ് മത്സ്യത്തിനായി ഹാർബർ മാനേജ്മെന്റ് സൊസൈറ്റി നിശ്ചയിക്കുന്നത്. ഇത് പ്രായോഗിക ല്ലെന്നുള്ള വാദം ശരിയല്ല. വിവിധ ജില്ലകളിലെ ഹാർബറുകളിലും മത്സ്യം കരയ്ക്കടിപ്പിക്കൽ കേന്ദ്രങ്ങളിലും മത്സ്യ വിപണനം ഇത്തരത്തിൽത്തന്നെ നടന്നു വരുന്നുണ്ട്.

ഇപ്പോൾ നടന്നു വരുന്ന മത്സ്യ ലേലത്തിലൂടെ കേരളത്തിലെ തൊഴിലാളികൾക്ക് ഏകദേശം ഏഴു കോടി രൂപയുടെ അധിക വരുമാനം ഉണ്ടായിട്ടുണ്ടെന്നാണ് ലഭ്യമായ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ഇടത്തട്ടുകാരില്ലാതെയാണ് ഇപ്പോൾ മത്സ്യ വിപണനം നടത്തുന്നത്. കോവിഡ് ലോക്കൗട്ട് കഴിഞ്ഞ് കൂടുതൽ യാനങ്ങൾ മത്സ്യബന്ധനത്തി നെത്തുന്ന തോടുകൂടി മേഖല സാധാരണ നിലയിൽ എത്തും.

മത്സ്യ വില്പനക്കായി ടോക്കൻ സിസ്റ്റമാണ് നടപ്പാക്കി വരുന്നത്. ലഭ്യമാകുന്ന മത്സ്യത്തിന്റെ ലഭ്യതക്കനുസരിച്ച് ടോക്കൺ ലഭിച്ചവർക്കെല്ലാം മത്സ്യം ലഭ്യമാക്കുന്നുണ്ട്. കരയിലെത്തുന്ന മത്സ്യം മൊത്തമായി സംഭരിക്കാൻ മത്സ്യഫെഡിനെ ചുമതലപ്പെടുത്തിയിട്ടില്ല. ടോക്കൺ സിസ്റ്റം വഴി വിതരണം ചെയ്തതിനുശേഷമുള്ള അധിക മത്സ്യം മാത്രമാണ് മത്സ്യഫെഡ് ഏറ്റെടുക്കുന്നത്. അവർ എടുക്കുന്ന മത്സ്യം അന്തിപ്പച്ചയിലൂടെയും ഫിഷ് മാർട്ടുകളിലൂടെയും പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നുണ്ട്.

യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ച് പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയും കച്ചവടക്കാരെയും തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന ഏതു നീക്കത്തിനെതിരെയും ജാഗ്രത പുലർത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

NO COMMENTS