ആലത്തൂര്‍: പാല്‍ വില രണ്ടു മുതല്‍ നാലു രൂപ വരെ വര്‍ധിപ്പിച്ചേക്കും. കഴിഞ്ഞദിവസം കൊച്ചിയില്‍ ചേര്‍ന്ന മില്‍മ ഭരണസമിതി യോഗമാണു വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചാല്‍ ഫെബ്രുവരിയില്‍ വില വര്‍ധന നടപ്പാക്കാനാണ് തീരുമാനം. കൊഴുപ്പനുസരിച്ച് ലിറ്ററിന് 38 മുതല്‍ 40 രൂപ വരെയാണു നിലവില്‍ വില. പ്രാഥമിക ക്ഷീരസംഘങ്ങളില്‍ നിന്ന് സംഭരിക്കുന്ന പാലിന് കര്‍ഷകര്‍ക്ക് ശരാശരി ലിറ്ററിന് 29.50 രൂപയാണു ലഭിക്കുന്നത്. കാലിത്തീറ്റ വില കൂടിയതോടെ ഉല്‍പ്പാദനച്ചെലവു താങ്ങാനുള്ള വില പാലിനു കിട്ടുന്നില്ല. കര്‍ഷകരെ പിടിച്ചുനിര്‍ത്തുന്നതിന് വിലവര്‍ധന അനിവാര്യമാണെന്നു മില്‍മ വിലയിരുത്തുന്നു.