ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് നികുതി ചുമത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ മില്‍മ ; സെപ്റ്റംബര്‍ 7 ന് പ്രതിഷേധ ജ്വാല സംഘടിപ്പിക്കും

26

തിരുവനന്തപുരം: 50 ലക്ഷം രൂപയിലധികം വാര്‍ഷിക വിറ്റുവരവുള്ള ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്ന് ആദായനികുതി ഈടാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (മില്‍മ) രംഗത്ത്.

ക്ഷീര സഹകരണ സംഘങ്ങളെ ആദായ നികുതിയുടെ പരിധിയില്‍ കൊണ്ടുവരുന്നത് ക്ഷീരകര്‍ഷകരുടെ നിലനില്‍പ്പിനെ ബാധിക്കുകയും സംഘങ്ങളെ നഷ്ടത്തിലാക്കുകയും ചെയ്യുമെന്നും ഇന്‍കം ടാക്സ് ഒടുക്കുന്നതില്‍ നിന്നും സംഘത്തിന് ഇളവ് ലഭ്യമാക്കണമെന്നും മില്‍മ ആവശ്യപ്പെട്ടു.

സഹകരണ സംഘങ്ങള്‍ ഇന്‍കം ടാക്സ് ഒടുക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദിഷ്ട സര്‍ക്കുലറിന്‍റെ പരിധിയില്‍ നിന്നും ക്ഷീര സഹകരണ സംഘങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ത്തി സംസ്ഥാനത്ത് മില്‍മയുടെ നേതൃത്വ ത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ കെ.എസ് മണി, തിരുവനന്തപുരം മേഖലാ യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍.ഭാസുരാംഗന്‍, തിരുവനന്തപുരം മേഖലാ യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മെമ്പര്‍മാരായ വി.എസ്.പത്മകുമാര്‍, മോഹനന്‍പിള്ള എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിഷയത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുളള എല്ലാ എം.പി.മാര്‍ക്കും നിവേദനം നല്‍കുകയും ചെയ്യും.

സെപ്റ്റംബര്‍ 7 ന് രാവിലെ 10 ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിനരികെ നടക്കുന്ന ക്ഷീരകര്‍ഷക പ്രതിഷേധജ്വാല ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അദ്ധ്യക്ഷത വഹിക്കും. മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, തിരുവനന്തപുരം മേഖലാ യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍.ഭാസുരാംഗന്‍, തിരുവനന്തപുരം മേഖലാ യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മെമ്പര്‍ വി.എസ്.പത്മകുമാര്‍ എന്നിവര്‍ സംസാരിക്കും.

സംസ്ഥാനത്തെ എല്ലാ ക്ഷീര സഹകരണ സംഘങ്ങളിലും ഇതേ സമയത്തു തന്നെ പ്രതിഷേധ ജ്വാല തെളിയിച്ച് സമരത്തില്‍ പങ്കുചേരും.

കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്‍റെ 2021 ജൂണ്‍ 30 ലെ സര്‍ക്കുലര്‍ നമ്പര്‍ 13/2021 ഇന്‍കംടാക്സ് ആക്ട് 1961ന്‍റെ 194 ക്യു വകുപ്പ് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം പ്രകാരം പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങളും ആദായനികുതി പരിധിയില്‍ വരുമെന്നതിനാല്‍ സംഘങ്ങളെ ആദായനികുതി പരിധിയിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതു പ്രകാരം പ്രതിവര്‍ഷം 50 ലക്ഷം രൂപയ്ക്കു മുകളില്‍ വിറ്റുവരവുള്ള ക്ഷീരസഹകരണ സംഘങ്ങള്‍ 0.1 ശതമാനം ടി.ഡി.എസ് ഒടുക്കണമെന്ന ഉത്തരവ് പാലിക്കേണ്ട സാഹചര്യമാണുള്ളത്. പാല്‍ സംഭരണവും വിതരണവും കൂടാതെ കാലിത്തീറ്റ വില്‍പ്പന, അനുബന്ധ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തുടങ്ങിയ സംഘത്തിന്‍റെ എല്ലാ ഇടപാടുകളും വരുമാനമായി കണക്കാക്കപ്പെടുമെന്നതിനാല്‍ മിക്ക സംഘങ്ങളും ഈ പരിധിയിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വിറ്റുവരവ് കണക്കാക്കി സംഘങ്ങള്‍ക്കാണ് ആദായനികുതി ഏര്‍പ്പെടുത്തുന്നതെങ്കിലും അത് ആത്യന്തികമായി ക്ഷീരകര്‍ഷകരെ തന്നെ ബാധിക്കും. ആനന്ദ് മാതൃക ക്ഷീരസഹകരണ സംഘങ്ങളില്‍ സംഭരിക്കുന്ന പാല്‍ മേഖലാ യൂണിയനുകള്‍ക്ക് നല്‍കുന്നതോടൊപ്പം പ്രാദേശിക വില്‍പ്പനയും നടത്താറുണ്ട്. കര്‍ഷകര്‍ക്ക് പാല്‍ വില നല്‍കുന്നതിനും സംഘത്തിന്‍റെ ചെലവുകള്‍ നടത്തുന്നതിനും ആവശ്യമായ തുക കഴിഞ്ഞ് ലഭിക്കുന്ന ലാഭത്തില്‍ നിന്നും മെമ്പര്‍ റിലീഫ് ഫണ്ട്, എജ്യൂക്കേഷന്‍ ഫണ്ട്, പ്രൊഫഷണല്‍ എജ്യൂക്കേഷന്‍ ഫണ്ട്, കന്നുകാലി വികസന നിധി, പൊതു നന്‍മ /ദാനനിധി എന്നിവ കുറച്ച് ബാക്കി തുകയില്‍ 65 ശതമാനം ആഡിറ്റ് കഴിഞ്ഞ് റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കര്‍ഷകര്‍ക്ക് ബോണസായി നല്‍കും.

സാധാരണ ഗതിയില്‍ സംഘത്തിന്‍റെ യാതൊരു ലാഭവും നീക്കിയിരിപ്പായി ഉണ്ടാവാറില്ല. സംഘങ്ങളുടെ ആഡിറ്റുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാവാറില്ലെന്നത് ബോണസ് വിതരണത്തിലും മറ്റ് അടവുകളിലും കാലതാമസമുണ്ടാക്കാറുണ്ട്. മൊത്തം വിറ്റുവരവ് 50 ലക്ഷത്തില്‍ അധികരിക്കുന്ന സംഘങ്ങള്‍ ടി.ഡി.എസ് ഒടുക്കേണ്ട സാഹചര്യമുണ്ടായാല്‍ അത് ഉറവിടത്തില്‍ നിന്നും ഒടുക്കുന്ന സമയത്ത് സംഘത്തിന്‍റെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതിയെ ബാധിക്കുകയും കര്‍ഷകര്‍ക്ക് ബോണസ് പോലും നല്‍കാനാവാത്ത സാഹചര്യമുണ്ടാക്കുകയും ചെയ്യും. ഇത് ക്ഷീരസഹകരണ സംഘങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും.

ഏതെങ്കിലും സാഹചര്യത്തില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തില്ലായെങ്കില്‍ 50 ലക്ഷത്തിലധികം വരുന്ന തുകയ്ക്ക് 5 ശതമാനം നികുതി ഈടാക്കും. പാന്‍ കാര്‍ഡ് ഇല്ലാത്ത സാഹചര്യത്തില്‍ 50 ലക്ഷം രൂപയില്‍ അധികമായ തുകയ്ക്ക് 20% തുക പിഴ ഈടാക്കുമെന്നതിനാല്‍ മിക്ക ക്ഷീര സംഘങ്ങളും പാന്‍ കാര്‍ഡ് എടുക്കുന്നതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ്.

2019-20 ല്‍ മില്‍മയുടെ ശരാശരി പാല്‍ സംഭരണം പ്രതിദിനം 12,39,621 ലിറ്റര്‍ ആയിരുന്നു. വില്‍പ്പന 13,29,405 ലിറ്ററും. ഈ വര്‍ഷം സംഭരണത്തില്‍ 9.04 ശതമാനം വര്‍ധനവുണ്ട്. 13,51,732 ലിറ്റര്‍ ആണ് ഇപ്പോള്‍ ഒരു ദിവസം സംഭരിക്കുന്നത്. അതേസമയം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പന 1.42 ശതമാനം കുറഞ്ഞു. 13,10.421 ലിറ്റര്‍ ആണ് ഇപ്പോഴത്തെ പ്രതിദിന വില്‍പ്പന. കോവിഡ് നിയന്ത്രണങ്ങളും ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞതുമാണ് പ്രധാനമായും ഇതിനു കാരണം. കഴിഞ്ഞ 5 മാസത്തെ ശരാശരി സംഭരണം ദിവസം 15,11,580 ലിറ്ററും വില്‍പ്പന 13,89,841 ലിറ്ററുമാണ്. സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന്‍റെ സൂചനയാണിത്.

ഓണക്കാലത്ത് പാലും തൈരും ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ മില്‍മ സര്‍വകാല റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരുന്നു. നാല് ദിവസങ്ങളിലായി 79,86,916 ലിറ്റര്‍ പാലും 8,49,717 കിലോ തൈരുമാണ് വിറ്റത്.

NO COMMENTS