കൊച്ചി∙ ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽ പൊലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ മിനിക്കോയി സ്വദേശി മൂസാകുഞ്ഞിനെയും ഭാര്യയെയും തെളിവെടുപ്പിനായി ദ്വീപിലെത്തിച്ചിരുന്നു. ഇവരെ പരസ്യമായി റോഡിലൂടെ നടത്തണമെന്നാവശ്യപ്പെട്ടു ജനങ്ങൾ സംഘടിച്ചതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.
നിരപരാധികൾ ഉൾപ്പെടെ ഒട്ടേറെപ്പരെ പൊലീസ് വീടുകളിൽ നിന്നു കസ്റ്റഡിയിലെടുക്കുകയും മർദിക്കുകയും ചെയ്തതായി പരാതിയുണ്ട്. മൂന്നു യുവാക്കളെ ഇപ്പോഴും സ്റ്റേഷനിൽ പിടിച്ചു വെച്ചിരിക്കുന്നതായും പരാതിയുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.
പത്ത് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ പകര്‍ത്തി വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ച കേസിൽ മൂസാക്കുഞ്ഞിനെ രണ്ടാഴ്ച മുൻപാണു നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നു ലക്ഷദ്വീപ് പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിനു ശേഷം ഖത്തറിലേക്കു കടന്ന ഇയാൾ മടങ്ങിയെത്തിയപ്പോളായിരുന്നു അറസ്റ്റ്.
കേസുമായി ബന്ധപ്പെട്ടു ഇയാളുടെ ഭാര്യയെ നേരത്തെ അറസ്റ്റ് െചയ്തിരുന്നു. ദൃശ്യങ്ങൾ ഇവർ അശ്ലീല വെബ്സൈറ്റുകൾക്കു വിറ്റുവെന്നാണു സംശയിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണു പൊലീസ് മൂസയെ മിനിക്കോയിലേയ്ക്കു കൊണ്ടുപോയത്.