ആര്‍ക്കും ക്ഷീര കര്‍ഷക ക്ഷേമപെന്‍ഷന്‍ നിഷേധിക്കില്ല: മന്ത്രി അഡ്വ.കെ രാജു

170

കാസർകോട് :ക്ഷീര കര്‍ഷക ക്ഷേമ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആര്‍ക്കും, മറ്റു ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കുന്നുവെന്ന കാരണത്താല്‍ ക്ഷീര കര്‍ഷക ക്ഷേമ പെന്‍ഷന്‍ നിഷേധിക്കില്ലെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ.കെ രാജു പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്തുകള്‍,മില്‍മ,കേരള ഫീഡ്‌സ് എന്നിവയുടെ സഹകരണത്തോടെ രാവണീശ്വരത്ത് നടത്തിയ ജില്ലാ ക്ഷീര കര്‍ഷക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചിത്താരി ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ ആതിഥേയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇപ്പോള്‍ ജില്ലയില്‍ 2384 പേര്‍ക്കാണ് ക്ഷീര കര്‍ഷക ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ക്ഷീര കര്‍ഷക ക്ഷേമ പെന്‍ഷന്‍ 500 രൂപയായിരുന്നു. ഇപ്പോള്‍ അത് 1200 രൂപയാണ്.150 രൂപയായിരുന്ന ക്ഷീര കര്‍ഷക കുടുംബ പെന്‍ഷന്‍ രണ്ടാഴ്ച മുമ്പാണ് 550 രൂപയാക്കിയത്.കേരളത്തില്‍ എട്ട് ലക്ഷം കുടുംബങ്ങള്‍ ക്ഷീര മേഖലയെ ആശ്രയിച്ചു കഴിയുന്നവരാണ്.അതിനാല്‍ ഈ വിഭാഗത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യം വച്ചുകൊണ്ടുള്ള പദ്ധതികളാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

സംസ്ഥാനതല ക്ഷീര കര്‍ഷക സംഗമം തിരുവനന്തപുരത്ത്

ഫെബ്രുവരി അവസാന വാരം സംസ്ഥാനതല ക്ഷീര കര്‍ഷക സംഗമം തിരുവന്തപുരത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംഘടിപ്പിക്കുന്ന നാലാമത്തെ സംഗമമാണ് തിരുവനന്തപുരത്തെത്. സംഗമത്തോടനുബന്ധിച്ച് ക്ഷീര കര്‍ഷക പാര്‍ലമെന്റും ചേരും. .ബ്ലോക്ക് തലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ക്ഷീര കര്‍ഷക പ്രതിനിധികളാണ് ക്ഷീര കര്‍ഷക പാര്‍ലമെന്റില്‍ പങ്കെടുക്കുക. ക്ഷീര കര്‍ഷക പാര്‍ലമെന്റില്‍ പ്രതിനിധികള്‍ ഉന്നയിക്കുന്ന അഭിപ്രായങ്ങള്‍ ക്രോഡ്രീകരിച്ച് ഒരു വര്‍ഷത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള നടപടികളും സ്വീകരിക്കും

സംസ്ഥാനം പാലുല്പാദനത്തില്‍ സ്വയം പര്യാപ്തമാകും

ഫെബ്രുവരിയില്‍ തിരുവന്തപുരത്ത് സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്ഷീര കര്‍ഷക സംഗമത്തില്‍ കേരളം പാലുല്പാദന മേഖലയില്‍ സ്വയം പര്യാപ്തമാണെന്ന് പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് മന്ത്രി അഡ്വ.കെ രാജു പറഞ്ഞു. 2018ലും2019 ലും കേരളത്തെ പ്രളയം ബാധിച്ചിരുന്നില്ലെങ്കില്‍ ഈ നേട്ടം വളരെ മുമ്പുതന്നെ കരസ്ഥമാക്കാന്‍ സാധിക്കുമായിരുന്നു. നിലവില്‍ മലബാര്‍ മേഖല പാലുല്പാദനത്തില്‍ സ്വയം പര്യാപ്തത നേടിയിട്ടുണ്ട്.

ക്ഷീര മേഖലയെ കാര്‍ഷിക വൃത്തിയായി അംഗീകരിക്കണം

ക്ഷീരമേഖലയെ കാര്‍ഷിക വൃത്തിയായി അംഗീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.ക്ഷീര മേഖലയെ കാര്‍ഷിക വൃത്തിയായി അംഗീകരിച്ചാല്‍ നാല് ശതമാനം പലിശയ്ക്ക് ലോണ്‍ ഉള്‍പ്പടെയുള്ള അനുകൂല്യങ്ങള്‍ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാക്കും.

ആര്‍.സി ഇ.പിയില്‍ ഒപ്പുവെക്കരുത്

മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്തത്തില്‍(ആര്‍.സി ഇ.പി) ഇന്ത്യ ഒപ്പുവെക്കരുതെന്ന് മന്ത്രി പറഞ്ഞു.കേരള നിയമസഭ ഇതിനെതിരെ ഐക്യ കണ്‌ഠേന പ്രമേയം പാസാക്കിയിരുന്നു. സംസ്ഥാനങ്ങളുടെ എതിര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് ആര്‍.സി.ഇ.പിയില്‍ ഒപ്പുവെയക്കുന്നതില്‍ നിന്നും ഇന്ത്യ തല്‍കാലം വിട്ടു നില്‍ക്കുന്നത്. ഏതെങ്കിലും കാരണത്താല്‍ ഇതില്‍ ഒപ്പുവെക്കുകയാണെങ്കില്‍,ക്ഷീര മേഖലയെ പൂര്‍ണ്ണമായും ഇതില്‍ നിന്നും ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ക്ഷീര സഹകരണ സംഘം ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കും

ക്ഷീര സഹകരണ സംഘം ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു.അവശ്യ സാധനങ്ങള്‍ക്ക് നിത്യേന വിലയുയരുന്ന സാഹചര്യത്തില്‍,ശമ്പള പരിഷ്‌കരണം അനിവാര്യമാണെന്ന് മന്ത്രി കൂട്ടി ചേര്‍ത്തു.

ക്ഷീര മേഖല വികസനത്തിന്റെ പാതയില്‍:റവന്യൂ വകുപ്പ് മന്ത്രി

സംസ്ഥാനത്തെ ക്ഷീര മേഖല വികസനത്തിന്റെ പാതയിലാണെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്തുകള്‍,മില്‍മ,കേരള ഫീഡ്‌സ് എന്നിവയുടെ സഹകരണത്തോടെ രാവണീശ്വരത്ത് നടത്തിയ ജില്ലാ ക്ഷീര കര്‍ഷക സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്ഷീര മേഖല സജീവമായതോടെ നിരവധി കുടുംബങ്ങളുടെ ഉപജീവന മാര്‍ഗ്ഗത്തിനാണ് പുത്തന്‍ ഉണര്‍വ്വ് കൈവന്നതെന്ന് മന്ത്രി പറഞ്ഞു.

നാടിന്റെ ഉത്സവമായ ജില്ലാതല ക്ഷീര കര്‍ഷക

സംഗമത്തിന് സമാപനം

നാടിന്റെ ഉത്സവമായി മാറിയ ജില്ലാതല ക്ഷീര കര്‍ഷക സംഗമത്തിന് രാവണീശ്വരത്ത് സമാപനം. ജില്ലാതല ക്ഷീര കര്‍ഷക സംഗമ സമാപന സമ്മേളനം ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ.കെ രാജു ഉദ്ഘാടനം ചെയ്തു.സംഗമത്തോടനുബന്ധിച്ച് ചിത്താരി ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ കിടാരി പാര്‍ക്കിന്റെയും ഇന്‍ഫര്‍മേഷന്‍ കം ഫെസിലിറ്റേഷന്‍ സെന്ററിന്റെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്തുകള്‍,മില്‍മ,കേരള ഫീഡ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.ക്ഷീര വികസന വകുപ്പ് ഡയരക്ടര്‍ എസ് ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി,എം രാജഗോപാലന്‍ എം എല്‍എ,ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം ഗൗരി,പി രാജന്‍,ഓമനാ രാമചന്ദ്രന്‍,മുഹമ്മദ് കുഞ്ഞി ചായിന്റടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ നാരായണന്‍ മാസ്റ്റര്‍, കരുണാകരന്‍ കുന്നത്ത്,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ഇന്ദിര, ശാരദാ എസ് നായര്‍,മൃഗ സംരക്ഷണ വകുപ്പ് ജോയിന്റ് ഡയരക്ടര്‍ ഡോ ടി ജി ഉണ്ണികൃഷ്ണന്‍,കാസര്‍കോട് ക്ഷീര വികസന വകുപ്പ് റീജിയണല്‍ ലാബ് ഡെപ്യൂട്ടി ഡയരക്ടര്‍ ജെയിന്‍ ജോര്‍ജ്ജ്,ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ക്ഷീരസംഘം പ്രതിനിധികള്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ജില്ലാക്ഷീര കര്‍ഷക സംഗമം സംഘാടക സമിതി ചെയര്‍മാന്‍ കെ വി കൃഷ്ണന്‍ സ്വാഗതവും ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ എസ് മഹേഷ് നാരായണന്‍ നന്ദിയും പറഞ്ഞു.പരിപാടിയില്‍ ക്ഷീരകര്‍ഷകര്‍ക്കും ക്ഷീര കര്‍ഷക സംഘങ്ങള്‍ക്കും കന്നുകാലി പ്രദര്‍ശന മത്സര വിജയികള്‍ക്കും,വിവിധകലാ-കായിക മത്സരങ്ങളിലെ വിജയികള്‍ക്ക സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഗുണമേന്മയുള്ള പശുക്കളെ നല്‍കാന്‍ കിടാരി പാര്‍ക്ക്

ഗുണമേന്‍മയുള്ള പശുക്കളെ ക്ഷീര കര്‍ഷകന് നല്‍കാന്‍ കിടാരി പാര്‍ക്കിന്റ ഒന്നാംഘട്ടം പൂര്‍ത്തിയായി. ചിത്താരി ക്ഷീര വ്യവസായ സഹകരണ സംഘത്തിനോടനുബന്ധിച്ചാണ് കിടാരി പാര്‍ക്ക് നിലക്കൊള്ളുന്നത്.2018-2019 വര്‍ഷം ക്ഷീരവികസനസ വകുപ്പ് സംസ്ഥാനത്ത് അനുവദിച്ച രണ്ട് കിടാരി പാര്‍ക്കില്‍ ഒന്നാണ് ഇത്.ഇതിന്റെ പ്രവര്‍ത്തനത്തിനായി വകുപ്പ് 19.37 ലക്ഷം രൂപ വകയിരുത്തിട്ടുണ്ട്.നിലവില്‍ പാര്‍ക്കില്‍ 35 കിടാരികളാണ് ഉള്ളത്.

ഇന്‍ഫര്‍മേഷന്‍ കം ഫെസിലിറ്റേഷന്‍ സെന്റര്‍ റെഡി

ക്ഷീര കര്‍ഷര്‍ക്ക് വേണ്ടി പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും യോഗം ചേരുന്നതിന് ഇന്‍ഫര്‍മേഷന്‍ കം ഫെസിലിറ്റേഷന്‍ സെന്റര്‍ റെഡി.ചിത്താരി ക്ഷീര വ്യവസായ സഹകരണ സംഘത്തിനോടനുബന്ധിച്ചാണ് ഇത്.ഇതില്‍ അനുബന്ധ സൗകര്യ ഒരുക്കുന്നതിന് ക്ഷീര വികസന വകുപ്പ് 5.25 ലക്ഷം രൂപയാണ് അനുബന്ധിച്ചത്.

ക്ഷീര വികസന സെമിനാര്‍ സംഘടിപ്പിച്ചു

ക്ഷീര കര്‍ഷക സംഗമത്തോടനുബന്ധിച്ച് ക്ഷീരവികസന സെമിനാര്‍ സംഘടിപ്പിച്ചു.ക്ഷീര മേഖലയിലെ നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ തൃശ്ശൂര്‍ വെറ്റിനറി സര്‍വ്വകാലാശാല വിജ്ഞാന വ്യാപന വിഭാഗം മുന്‍ ഡയരക്ടര്‍ ടി പി സേതുമാധവന്‍,കൂടുതല്‍ ഗുണമേന്മ,കൂടുതല്‍ ലാഭം എന്ന വിഷയത്തില്‍ കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ ആര്‍.രാംഗോപാല്‍ എന്നിവര്‍ ക്ലാസെടുത്തു.തിരുവനന്തപുരം ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് സിഇഒ ജോഷി ജോസഫ് മോഡറേറ്റര്‍ ആയിരുന്നു.കാസര്‍കോട് ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയരക്ടര്‍ എം എല്‍ ജോര്‍ജ്ജ് സെമിനാറില്‍ സംസാരിച്ചു

NO COMMENTS