പുരാവസ്തുക്കൾ എപ്രകാരമാണ് തിരിച്ചറിയുന്നത്, അത് എപ്രകാരമാണ് കൈകാര്യം ചെയ്യേണ്ടത്, അത് സൂക്ഷിക്കാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടോ, അവയുടെ കൈമാറ്റവും വില്പനയും നടത്താൻ കഴിയുമോ തുടങ്ങി ധാരാളം ചോദ്യങ്ങൾ ഇപ്പോൾ കേരളീയ സമൂഹത്തിൽ ഉയർന്നു വരികയാണ്. പുരാവസ്തുക്കൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച ഇത്തരം കാര്യങ്ങളിൽ വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങളും നിയമാവലികളും നിലവിലുണ്ട് എന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
അന്റിക്വിറ്റീസ് ആന്റ് ആർട്ട് ട്രഷേഴ്സ് ആക്ട് 1972 എന്ന കേന്ദ്ര ആക്ടിലാണ് പുരാവസ്തുക്കളുടെ കൈകാര്യം സംബന്ധിച്ച വിഷയങ്ങൾ പ്രതിപാദിക്കുന്നത്. നൂറു വർഷത്തിൽ കൂടുതൽ പഴക്കമുളളതും ചരിത്രപരമോ, കലാപരമോ, പുരാതത്വപരമോ ആയി പ്രാധാന്യമുളളതുമായ വസ്തുക്കളാണ് പുരാവസ്തുക്കൾ എന്ന ഗണത്തിൽ ഉൾപ്പെടുന്നത്. ഇത്തരത്തിൽപ്പെട്ട വസ്തുക്കൾ കൈവശമുളളവർക്ക് അവ പുരാവസ്തുവാണോ എന്ന കാര്യം ഉറപ്പിക്കുന്നതിനും, അത് നിയമപരമായി സൂക്ഷിക്കുന്നതിനുളള അവകാശം സമ്പാദിക്കുന്നതിനുമായി കേന്ദ്രപുരാ വസ്തു വകുപ്പിൽ പുരാവസ്തു രജിസ്റ്ററിംഗ് ഓഫീസുകൾ പ്രവത്തിക്കുന്നുണ്ട്.
അത്തരം ഓഫീസുകളിൽ പൊതുജനങ്ങളുടെ കൈവശമുളള പുരാവസ്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുളള സംവിധാ നമുണ്ട്. രജിസ്റ്ററിംഗ് ഓഫീസ് അനുവദിക്കുന്ന പുരാവസ്തു രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇതു സംബന്ധിച്ചുളള ആധികാരിക രേഖയാണ്. കേരളത്തെ സംബന്ധിച്ച്, കേന്ദ്ര ആർക്കിയോളജി വകുപ്പിന്റെ തൃശ്ശൂർ സർക്കിളിനു കീഴിൽ ഇത്തരം ഒരു ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. പുരാവസ്തുക്കൾ കൈവശമുളളവർ നിയമപരമായി അത് സൂക്ഷിക്കുന്നതിനുളള അവകാശം ഈ രജിസ്ടേഷിനിലൂടെയാണ് നേടേണ്ടത്.
പുരാവസ്തുക്കൾ ഇന്ത്യക്കകത്ത് കൈമാറ്റം ചെയ്യുന്നതിനും ഈ ആക്ടിൽ വ്യവസ്ഥയുണ്ട്. അതുപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട ഒരു വസ്തുവിന്റെ ഉടമസ്ഥതയും കൈമാറ്റം ചെയ്യാൻ കഴിയുന്നതാണ്. രജിസ്റ്റർ ചെയ്തതോ, ചെയ്യാത്തതോ ആയ യാതൊരു പുരാവസ്തുവും വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ ഇന്ത്യയിൽ നിന്ന് പുറം രാജ്യങ്ങളിലേയ്ക്ക് കൊണ്ടുപോകാൻ അവകാശമില്ല. ഇന്ത്യയിലുളള ഒരു പുരാവസ്തു മറ്റൊരു രാജ്യത്തിനു കൈമാറണമെങ്കിൽ അതിനുളള അവകാശം കേന്ദ്ര സർക്കാരിനുമാത്രമേയുളളു.
യഥാർത്ഥത്തിൽ പുരാവസ്തുക്കൾ അല്ലാത്തതും എന്നാൽ കാഴ്ചയിൽ പുരാവസ്തു എന്നു തോന്നിക്കുന്നതുമായ വസ്തുക്കൾ വില്പന നടത്തുന്നതിനും പുറം രാജ്യങ്ങളിലേയ്ക്കു കൊണ്ടു പോകുന്നതിനും അവ പുരാവസ്തുവല്ല എന്ന സാക്ഷ്യപത്രം (Non Antiqutiy certificate) ആവശ്യമുണ്ട്. മുൻപ് പറഞ്ഞ ആക്ടിൽ ‘പുരാവസ്തുവല്ല’ എന്ന സാക്ഷ്യപത്രം നൽകുന്നതിനുളള വ്യവസ്ഥകളും ഉൾപ്പെടുന്നുണ്ട്. ഈ സാക്ഷ്യപത്രം നൽകുന്നതിനുളള അധികാരവും കേന്ദ്ര പുരാവസ്തു വകുപ്പിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ഒരു വിദഗ്ദ്ധ സമിതി പരിശോധിച്ചാണ് ഈ സർട്ടിഫിക്കറ്റ് നൽകിവരുന്നത്. കേരളത്തിൽ കേന്ദ്ര ആർക്കിയോളജി വകുപ്പിന്റെ തൃശ്ശൂർ സർക്കിൾ ഓഫീസ് ഈ നടപടികൾ നല്ല നിലയിൽ നിർവ്വഹിച്ചു വരുന്നുണ്ട്.
ആന്റ്വിക്, നോൺ ആന്റ്വിക് വസ്തുക്കളുടെ കച്ചവടം നടത്തുന്നവർക്ക് ലൈസൻസ് നൽകുന്നതിനുളള വ്യവസ്ഥകളും മേൽപറഞ്ഞ ആക്ടിലുണ്ട്. അതുപ്രകാരം ലൈസൻസ് നേടി നിയമവിധേയമായി ഇത്തരത്തിലുളള കച്ചവടം നടത്തി വരുന്നവരും ധാരാളമുണ്ട്. അതുകൊണ്ട് പുരാവസ്തുക്കൾ സുക്ഷിക്കുന്നതിനുളള അവകാശത്തെ സംബന്ധിച്ച് ജനങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കുകയും അത്തരത്തിലുളള നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് മന്ത്രി വിശദീകരിച്ചു.