മഴക്കെടുതിയുടെ തീവ്രത കൂടുതലായി അനുഭവിക്കുന്ന മലയോരപ്രദേശങ്ങളിലും കോളനികളിലും ജീവിക്കുന്നവർക്ക് അടിയന്തിര സഹായമെത്തിക്കാൻ പട്ടികജാതി പട്ടികവർഗ വകുപ്പ് പ്രതിജ്ഞാബദ്ധതയോടെ ഇടപെടുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. മഴക്കെടുതി സംസ്ഥാനത്തു വീണ്ടും ദുരിതം വിതയ്ക്കുകയാണ്.
ദുരന്ത ബാധിതർക്കൊപ്പം കോളനികൾ ഒഴിഞ്ഞു പോകേണ്ടി വന്ന നൂറു കണക്കിന് പട്ടിക വിഭാഗക്കാരുമുണ്ട്. അവർക്ക് അതിജീവനത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
റവന്യൂ, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുമായി സഹകരിച്ച് രക്ഷാപ്രവർത്തനം, പുനരധിവാസം തുടങ്ങിയ പ്രവർത്തനങ്ങളിൽ അവധിദിനങ്ങളിലും വകുപ്പ് ഉദ്യോഗസ്ഥർ സജീവമായി പങ്കുചേരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.