കണ്ണൂർ : തെയ്യം എന്ന അനുഷ്ഠാന കലയെ അതിന്റെ തനിമയോടെ സംരക്ഷിക്കാനാണ് തെയ്യം മ്യൂസിയം സ്ഥാപിക്കുന്നതെന്ന് തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
സംസ്ഥാന മ്യൂസിയം വകുപ്പ് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ചന്തപ്പുരയിൽ നിർമ്മിക്കുന്ന തെയ്യം മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തെയ്യം എന്ന അനുഷ്ഠാന കലക്ക് ഒരു ഭംഗവും വരുത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ഒരേക്കറോളം വരുന്ന സ്ഥലത്ത് സ്ഥാപിക്കുന്ന തെയ്യം മ്യൂസിയത്തിനായി വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുന്ന പ്രവൃത്തി നടന്നു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ഈ സർക്കാറിന്റെ കാലാവധിക്കുള്ളിൽ മ്യൂസിയം പൂർത്തിയാക്കും.
ചന്തപ്പുര മങ്ങാട്ടുമൊട്ടയിൽ പൊതുമരാമത്ത് വകുപ്പ് മ്യൂസിയം വകുപ്പിന് വിട്ടുനൽകിയ സ്ഥലത്താണ് മ്യൂസിയം നിർമ്മിക്കുന്നത്. സ്ഥലം വിട്ടുനൽകിയതിന് മന്ത്രി നന്ദി അറിയിച്ചു.
ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തെയ്യം എന്ന അനുഷ്ഠാന കലയെ സംരക്ഷിക്കാനും ഭാവി തലമുറക്ക് പരിചയപ്പെടുത്താനുമുള്ള വിവര വിജ്ഞാന ഗവേഷണ വിനിമയ കേന്ദ്രമാണ് തെയ്യം മ്യൂസിയത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. ഇവിടെ ആചാരങ്ങൾ ഒരു കാരണവശാലും ലംഘിക്കപ്പെടില്ല. മൂസിയം തെയ്യം കെട്ടൽ പരിശീലന കേന്ദ്രമായിരിക്കില്ലെന്നും എം.എൽ.എ പറഞ്ഞു.
മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ എസ്. അബു പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ, കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ബാലകൃഷ്ണൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. മോഹനൻ, എം. ലക്ഷ്മണൻ, കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. അജിത, മെമ്പർ കെ. രാമചന്ദ്രൻ മാസ്റ്റർ, മുൻ പ്രസിഡൻറ് പി.പി ദാമോദരൻ, കേരള മ്യൂസിയം എക്‌സിക്യുട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻ പിള്ള, കോഴിക്കോട് ആർട്ട് ഗ്യാലറി സൂപ്രണ്ട് പി.എസ് പ്രിയരാജൻ, സംസ്ഥാന മ്യൂസിയം സൂപ്രണ്ട് വി. രാജേഷ്, പയ്യന്നൂർ തഹസിൽദാർ കെ. രാജൻ, കക്ഷി നേതാക്കളായ കെ.പത്മനാഭൻ , ടി.രാജൻ, പി.ടി. ഗോവിന്ദൻ നമ്പ്യാർ, കെ.കെ.ആലിക്കുഞ്ഞി ഹാജി, പി.കെ. നാരായണൻ, ഹംസ ഹാജി എന്നിവർ സംസാരിച്ചു.
തുടർന്ന് സുഭാഷ് അറുകരയും സംഘവും നാടൻ പാട്ടുകൾ അവതരിപ്പിച്ചു. പയ്യന്നൂർ രംഗകലയുടെ നാടകം ‘മണക്കാടൻ ഗുരുക്കൾ’ അരങ്ങേറി.