തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീൽ മന്ത്രിയുടെ ചേംബറിൽ വൈസ് ചാൻസലർമാരുമായി വീഡിയോ കോൺഫറൻസ് നടത്തി.വൈസ് ചാൻസലർമാരുമായി മന്ത്രിയുടെ മൂന്നാമത്തെ യോഗമാണ് നടന്നത്. ഇനി മുതൽ വീഡിയോ കോൺഫറൻസിംഗ് വഴിയായിരിക്കും മീറ്റിംഗുകൾ.
എല്ലാ സർവ്വകലാശാലകളും ഉയർന്ന നാക് അക്രഡിറ്റേഷൻ ഗ്രേഡ് ലഭിയ്ക്കുന്നതിന് സജ്ജരാകണം.
സർവ്വകലാശാലകൾക്ക് കീഴിലുള്ള കോളേജുകളെയെല്ലാം നാക് അക്രഡിറ്റേഷന് വിധേയമാക്കണം. പുതിയ പ്രോഗ്രാമുകൾ ശുപാർശ ചെയ്യുമ്പോൾ നാക് ഗ്രേഡ് കൂടി പരിഗണിക്കണം.
എൻ.ഐ.ആർ.എഫ്. റാങ്കിംഗിൽ ചില സർവ്വകലാശാലകൾ ഗ്രേഡ് നില ഉയർത്തിയെങ്കിലും ചിലത് താഴേയ്ക്ക് പോയി. റാങ്കിംഗിൽ ആദ്യ പത്തിനുള്ളിൽ എത്തുകയെന്നതാവണം സർവ്വകലാശാലകളുടെ ലക്ഷ്യം.
വൈസ് ചാൻസലർമാരുടെ യോഗത്തിലെ തീരുമാനപ്രകാരം യു.ജി. പരീക്ഷാഫലം ഏപ്രിൽ 30 നകം പ്രസിദ്ധീകരിക്കാൻ എല്ലാ സർവ്വകലാശാലകൾക്കും കഴിഞ്ഞിട്ടില്ല. യു.ജി., പി.ജി. ഫലങ്ങൾ ഒരുമിച്ച് ഏപ്രിൽ 30 ന് പ്രസിദ്ധീകരിച്ച കണ്ണൂർ യൂണിവേഴ്‌സിറ്റിയും യു.ജി.ഫലം ഏപ്രിൽ 29 ന് പ്രഖ്യാപിച്ച എം.ജിയും സമയക്രമം പാലിച്ചു.
വിദ്യാർത്ഥികൾക്ക് എല്ലാ സേവനവും ഓൺലൈനായി നൽകണമെന്ന തീരുമാനം നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം വൈസ് ചാൻസലർമാർ ഏറ്റെടുക്കണം. ഇക്കാര്യത്തിലുള്ള തടസ്സങ്ങളെ അതിജീവിക്കണം. മൂന്ന് മാസത്തിനുള്ളിൽ സർവ്വകലാശാലകൾ എല്ലാ സേവനങ്ങളും/സർട്ടിഫിക്കറ്റുകളും ഓൺലൈനായി നൽകണം.
സർവ്വകലാശാലാ കേന്ദ്രങ്ങളിൽ നടക്കുന്ന വിദ്യാഭ്യാസ വിചക്ഷണൻമാരുടെയും പണ്ഡിത•ാരുടെയും പ്രഭാഷണങ്ങൾ അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് കൂടി ലഭ്യമാക്കണം. ഇതിനായി വീഡിയോ കോൺഫറൻസിംഗ് സംവിധാനം എല്ലാ കോളേജുകളിലും ഏർപ്പെടുത്തണം. കോളേജ് പ്രിൻസിപ്പൽമാരുമായി വൈസ് ചാൻസലർമാർ വീഡിയോ കോൺഫറൻസ് നടത്തണം.
സിലബസ് റിവിഷൻ പൂർത്തിയാക്കാത്ത സർവ്വകലാശാലകൾ ഉടൻ ഇക്കാര്യത്തിൽ നടപടികൾ കൈക്കൊള്ളണം.
ദേശീയ അന്തർദേശീയ രംഗത്തെ കണ്ടുപിടിത്തങ്ങളും നവവിജ്ഞാനവും നമ്മുടെ കുട്ടികൾക്കും ലഭ്യമാക്കണം.
ബോർഡ് ഓഫ് സ്റ്റഡീസ്/അക്കാദമിക കൗൺസിൽ എന്നിവയിൽ ഏറ്റവും പ്രഗത്ഭരായവരെ മാത്രം ഉൾപ്പെടുത്തണം.
അടുത്ത അദ്ധ്യയനവർഷം യു.ജി., പി.ജി. ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കണം. അതനുസരിച്ച് അക്കാദമിക കലണ്ടർ തയ്യാറാക്കണം. ഓരോ സെമസ്റ്ററിന്റെയും ക്ലാസ് തുടങ്ങുന്നതും അവസാനിക്കുന്നതും, പരീക്ഷാതീയതി, ഫലപ്രഖ്യാപനം എന്നിവയെല്ലാം വിശദമാക്കി അക്കാദമിക് കലണ്ടർ തയ്യാറാക്കണം.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ജൂലൈ 15നകവും കലോൽസവങ്ങൾ ജനുവരി 15 നകവും പൂർത്തിയാക്കണം. ഇതനുസരിച്ചായിരിക്കണം അക്കാദമിക കലണ്ടർ തയ്യാറാക്കേണ്ടത്.മൂല്യനിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കാത്ത അദ്ധ്യാപകർക്കെതിരെ കർശനമായി നടപടികൾ കൈക്കൊള്ളാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സർവ്വകലാശാലകളിലെ അദ്ധ്യാപകരും ജീവനക്കാരും ഓഫീസ് അച്ചടക്കം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം, പഞ്ചിംഗ് കൃത്യമായി നടപ്പിലാക്കണം.
പരീക്ഷാഫലപ്രഖ്യാപനം കഴിഞ്ഞ് രണ്ട് മാസത്തിനകം എല്ലാ വിദ്യാർത്ഥികളുടെയും ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ വിതരണം പൂർത്തിയാക്കണം.ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, കേരള, കാലിക്കറ്റ്, എം.ജി., കണ്ണൂർ, സംസ്‌കൃത, മലയാളം, കുസാറ്റ്, എ.പി.ജെ.അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റികളിലെ വൈസ് ചാൻസലർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.