മന്ത്രി കെ.ടി.ജലീൽ ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.

110

തിരുവനന്തപുരം : മാര്‍ക്ക് ദാനവിവാദത്തില്‍ എം.ജി സര്‍വകലാശാലയ്ക്ക് തെറ്റുപറ്റിയെന്നും സാങ്കേതിക സര്‍വ കലാശാല അദാലത്തില്‍ മന്ത്രി ജലീല്‍ പങ്കെടുത്തത് അനുചിതവുമാണെന്ന റിപ്പോര്‍ട്ടിന്റെയും പശ്ചാത്തലത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് കെ. പി. സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

മാര്‍ക്ക് ദാനം റദ്ദാക്കിയെങ്കിലും മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വൈസ് ചാന്‍സലര്‍ ചെയ്ത ഗുരുതരമായ തെറ്റ്, തെറ്റല്ലാതാകുന്നില്ല. വൈസ് ചാന്‍സലറെ കൊണ്ട് മാര്‍ക്ക് ദാനം നടത്തിയ മന്ത്രിയാണ് ഈ സംഭവത്തില്‍ ഒന്നാംപ്രതി. അക്ഷന്തവ്യമായ അപരാധം തന്നെയാണിത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. എത്ര ഗുരുതരമായ തെറ്റ് ചെയ്‌തെല്ലാം അതിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ അതേപാതയിലാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയും വൈസ് ചാന്‍സലറും പി.എസ്.സി ചെയര്‍മാനും മുന്നോട്ട് പോകുന്നത്.

സര്‍വകലാശാലകളുടെയും പി.എസ്.സിയുടെയും വിശ്വാസ്യത പിണറായി സര്‍ക്കര്‍ തകര്‍ത്തു. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നരേന്ദ്ര മോദിയുടെ സമീപനത്തിന്റെ തനിയാവര്‍ത്തനമാണ് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

മാര്‍ക്ക് ദാനം പോലുള്ള ഗുരുതരമായ തെറ്റുകള്‍ക്ക് ഒരു ന്യായീകരണവുമില്ല. ഇത് കേട്ടുകേള്‍വിയില്ലാത്ത അസാധരണ നടപടിയാണിത്. പഠിക്കാന്‍ മിടുക്കരായ നിരവധി വിദ്യാര്‍ത്ഥികളെ മറികടന്നാണ് അനധികൃതമായി അര്‍ഹതയില്ലാത്തവര്‍ക്ക് മന്ത്രി മാര്‍ക്ക് ദാനം നല്‍കിയത്. തെറ്റ് കൈയ്യോടെ പിടികൂടിയപ്പോള്‍ തടിയൂരാനുള്ള നടപടി ക്രമങ്ങള്‍ മാത്രമാണ് സര്‍വകലാശാലയും മന്ത്രിയും ചെയ്തത്.

നിയമവിരുദ്ധമായ നടപടികള്‍ക്ക് മാനുഷിക പരിഗണനയുടെ മുഖം കൊടുക്കുന്നത് അന്യായമാണ്. മാര്‍ക്ക് ദാനം നല്‍കുക വഴി അര്‍ഹരായ വിദ്യാര്‍ത്ഥികളെ മറികടന്നുകൊണ്ട് നടത്തപ്പെടുന്ന ഒരു നടപടിയും മാനുഷിക പരിഗണന അര്‍ഹിക്കുന്നതല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

NO COMMENTS