വിഷമില്ലാത്ത പച്ചക്കറി വിളയിച്ച് ടൈറ്റാനിയം ജൈവപച്ചക്കറികൃഷിയുടെ വിളവെടുപ്പ് മന്ത്രി വി. എസ്. സുനിൽകുമാർ നിർവഹിച്ചു.

145

തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡിൽ വിളഞ്ഞത് വിഷമില്ലാത്ത പച്ചക്കറികൾ. ഉദ്യോഗസ്ഥർക്കൊപ്പം കുടപ്പനക്കുന്ന് കൃഷിഭവന്റെ സഹകരണം കൂടിയായതോടെ നൂറുമേനി വിളവാണ് ലഭിച്ചത്.

കമ്പനി ക്യാമ്പസിലെ രണ്ടേക്കറോളം തരിശുഭൂമിയിൽ വിളയിച്ച ജൈവപച്ചക്കറിയുടെ വിളവെടുപ്പ് ഉദ്ഘാടനം കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ നിർവഹിച്ചു. സ്ഥാപനങ്ങളിൽ മാത്രമല്ല വീടുകളിലും കൃഷി വ്യാപിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. തരിശുഭൂമിയിലെല്ലാം കൃഷി ചെയ്യാനാകണം. ഈ വർഷം 12 ലക്ഷം ടണ്ണിലേക്ക് പച്ചക്കറി ഉല്പാദനം ഉയർത്താനായിട്ടുണ്ട്. അടുത്ത വർഷം ഇത് 14 ലക്ഷം ടൺ ആക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ പച്ചക്കറി സംഭരണവും സംസ്‌കരണവും നടത്താൻ പദ്ധതികൾ ആവിഷ്‌കരിക്കും. ശാസ്ത്രീയമായ കൃഷിരീതികൾ അവലംബിച്ചാൽ കാർഷികരംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും. പച്ചക്കറിക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ കയറ്റുമതിയിലേക്കു കൂടി വളരണമെന്നും മന്ത്രി പറഞ്ഞു.പയർ, പാവൽ, പടവലം, തക്കാളി, മുളക്, വെള്ളരി, കത്തിരി, വഴുതന, വെണ്ടയ്ക്ക എന്നിവയ്ക്കു പുറമേ വാഴയും കൃഷി ചെയ്യുന്നുണ്ട്. പരാഗണ പ്രവർത്തനങ്ങൾ സുഗമമായി നടത്താനായി പൂമ്പാറ്റകളേയും വണ്ടിനേയും ആകർഷിക്കാൻ ജമന്തി കൃഷിയും നടത്തി. നഗരസഭ പദ്ധതിയിൽ ഉൾപ്പെട്ട എയ്റോബിക് കിച്ചൻബിൻ കമ്പോസ്റ്റുകൾ ഉപയോഗിച്ചാണ് കൃഷി ചെയ്തിരിക്കുന്നത്. നഗരവാസികളുടെ ജൈവമാലിന്യത്തിനൊരു പരിഹാരം കൂടിയാണിത്. ഓണത്തിന് ഒരു മുറം പച്ചക്കറിക്കു പുറമേ ഓണത്തിന് ഒരു വാഴയില എന്ന പദ്ധതി പ്രകാരമാണ് വാഴ കൃഷി നടത്തിയത്.

കൃഷി അഞ്ച് ഏക്കറിലേക്ക് വ്യാപിപ്പിക്കും. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ആയിരം പ്ലാവിൻ തൈകളും ആയിരം റമ്പുട്ടാൻ തൈകളും കമ്പനി ക്യാമ്പസിൽ വച്ചു പിടിപ്പിച്ചു. ടി.ടി. പി. എൽ. ചെയർമാൻ എ. എ. റഷീദ് അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പിലെ വെജിറ്റബിൾസ് ആന്റ് ഫാം വിഭാഗം അഡീഷണൽ ഡയറക്ടർ ആൻസി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. കുടപ്പനക്കുന്ന് കൃഷി ഓഫീസർ ടി. എം. ജോസഫ്, ഉദ്യോഗസ്ഥരായ താജുനിസ, ഷീല, കമ്പനി മാനേജിംഗ് ഡയറക്ടർ ജോർജി നൈനാൻ, വിനോദ് ആർ തുടങ്ങിയവർ സംബന്ധിച്ചു.

NO COMMENTS