ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ദിവസങ്ങള്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനു ശേഷം കര്‍ണാടക മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത് .സാമ്പത്തിക തിരിമറിക്കേസിലാണ് അറസ്റ്റ്. ശിവകുമാര്‍ അന്വേഷണവുമായി സഹകരിക്കില്ലെന്ന് ഇഡി പറയുന്നു. കഴിഞ്ഞ നാല് ദിവസമായി ഇഡി ശിവകുമാറിനെ ചോദ്യം ചെയ്തുവരികയായിരുന്നു.
അറസ്റ്റില്‍നിന്നും പരിരക്ഷ നല്‍കണമെന്ന ശിവകുമാറിന്റെ ആവശ്യം കര്‍ണാടക ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് ഇഡി ശിവകുമാറിനെ ചോദ്യം ചെയ്യലിനു ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. ശിവകുമാറിനെ വെള്ളിയാഴ്ച നാലും ശനിയാഴ്ച എട്ടു മണിക്കൂറും ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.
കോണ്‍ഗ്രസിനുവേണ്ടി പണിയെടുത്തതിന്റെ പേരില്‍ എന്‍ഫോഴ്സ്മെന്റിനെ ഉപയോഗിച്ചു പ്രതികാരം ചെയ്യിക്കുകയാണെന്നു ശിവകുമാര്‍ നേരത്തെ പ്രതികരിച്ചിരുന്നു. പാര്‍ട്ടിയെയും തന്നെയും തകര്‍ക്കാനുള്ള ലക്ഷ്യത്തോടെയുള്ള ഗൂഢാലോചനയാണ് ഇഡി സമന്‍സ് എന്നു ശിവകുമാര്‍ ആരോപിച്ചു. മോദി യാണോ അമിത് ഷാ ആണോ ഗൂഢാലോചനയ്ക്കു പിന്നിലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ആരായാലും അവര്‍ക്ക് ആശംസകള്‍ നേരുകയാണെന്നായിരുന്നു മറുപടി.