പ്രളയാതിജീവനം: കേരളം ഈ മാതൃക തുടരണമെന്ന് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

136

കൊച്ചി: പ്രളയ ദുരന്തത്തെ അതിജീവിക്കുന്നതിൽ കേരളം ലോകത്തിനു കാഴ്ച്ച വച്ച മാതൃകയ്ക്ക് തുടര്‍ച്ചകളുണ്ടാകണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. പ്രളയാതീജവനത്തില്‍ കേരളം കാതലായ ഘട്ടം പിന്നിട്ടു കഴിഞ്ഞുവെന്നും സമ്പൂര്‍ണ പുനഃനിര്‍മാണത്തിലേക്കാണ് അടുത്ത കുതിപ്പെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിനു ശേഷം ഒരു വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ സംഘടിപ്പിച്ച ജനകീയം ഈ അതിജീവനം സാമൂഹ്യസംഗമം ആലുവ യു.സി. കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പ്രളയാതിജീവനത്തിൽ ഇതുവരെ കാഴ്ചവെച്ച ഈ ജനകീയ മാതൃക കേരളം അടുത്ത ഘട്ടത്തിലും തുടരണം. ജീവൻ നഷ്ടപ്പെടുമെന്ന് ഭയന്ന പല ഘട്ടങ്ങളിലും ജനകീയ കൂട്ടായ്മയാണ് രക്ഷയായത്. ഇക്കാര്യത്തിൽ മത്സ്യത്തൊഴിലാളികളുടെ സഹായം എക്കാലവും നാടിന്‍റെ ഓര്‍മയിലുണ്ടാകും. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായസന്നദ്ധപ്രവർത്തകർ, സേനകൾ, സംഘടനകൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സേവനവും ചരിത്രത്തിന്‍റെ ഭാഗമാണ്. മനുഷ്യനെ മനുഷ്യനായി കാണുന്ന ഈ നവമാനവിക സംസ്കാരം ഒരു സന്ദേശമായി മനസ്സിലുണ്ടാകണം.

പ്രളയമുണ്ടായ ജില്ലകളിലെല്ലാം ഇത്തരത്തിൽ നടക്കുന്ന ബഹുജന സംഗമത്തിൽ നിന്നും ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ച് പുന:നിർമാണ പ്രവർത്തനങ്ങൾ സമ്പൂർണ്ണതയിലെത്തിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഇതുവരെ ദുരിതാശ്വാസം ലഭിക്കാത്ത അർഹരായവരിലേക്കും സഹായമെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭൗതികമായ പുനഃനിർമാണത്തോടൊപ്പം തന്നെ മനസ്സിന്റെ പ്രതിരോധവും വളർത്തിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

റീബിൽഡ് കേരള പദ്ധതിയിലുൾപ്പെട്ട ലൈഫ്‌, കെയർ ഹോം തുടങ്ങിയ ഭവന നിർമാണ പദ്ധതി ഗുണഭോക്താക്കൾക്കുള്ള വീടിന്റെ താക്കോൽ ദാനവും മന്ത്രി നിർവ്വഹിച്ചു. പ്രളയത്തിൽ തകർന്ന വീടുകളുടെ പുനഃനിർമാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള സംശയങ്ങൾ നിവാരണം ചെയ്യുന്നതിന് പ്രത്യേക ഹെൽപ് ഡെസ്കും വേദിയോടു ചേർന്ന് പ്രവർത്തിപ്പിച്ചിരുന്നു.

പ്രളയകാലത്ത് ജില്ലയിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പായിരുന്ന യു.സി കോളേജില്‍ സംഘടിപ്പിച്ച സംഗമത്തിലേക്ക് നാടിന്‍റെ നാനാഭാഗത്തു നിന്നും വനിതകളടക്കം വലിയ ജനസഞ്ചയം ഒഴുകിയെത്തി. പ്രളയം ഏറ്റവും ബാധിച്ച ആലുവ, പറവൂര്‍ താലൂക്കുകളില്‍ നിന്നായിരുന്നു ഏറ്റവും കൂടുതല്‍ പ്രാതിനിധ്യം. കുടുംബശ്രീയുടെ റിസര്‍ജന്‍റ് കേരള വായ്പാ പദ്ധതി, ലൈഫ്, റീബില്‍ഡ് ഭവനപദ്ധതികള്‍ എന്നിവയുടെ ഗുണഭോക്താക്കള്‍, രക്ഷാപ്രവര്‍ത്തകര്‍, ദുരിതാശ്വാസമെത്തിക്കാന്‍ മുന്‍കയ്യെടുത്ത സംഘടനകളിലെ പ്രവര്‍ത്തകര്‍, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുത്തു.

അൻവർ സാദത്ത് എം എൽ എ അധ്യക്ഷത വഹിച്ചു. ജോൺ ഫെർണാണ്ടസ് എം എൽ എ, ജില്ലാ കളക്ടർ എസ്. സുഹാസ്, ആലുവ നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാടൻ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, ഏലൂർ നഗരസഭ ചെയർപേഴ്സൺ സി.പി.ഉഷ, ഫോർട്ട് കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ്, എഡിഎം കെ.ചന്ദ്രശേഖരൻ നായർ , യു സി കോളേജ് പ്രിൻസിപ്പൽ ഡേവിഡ് സാജ് മാത്യു, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ പി.ഡി. ഷീല ദേവി, പൊതുപ്രവർത്തകരായ എൻ.ഐ. പൗലോസ്, ഡൊമിനിക് കാവുങ്കൽ, തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS