അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറില്‍ അതിതീവ്രമായി ശക്തിപ്പെടും – കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യത

149

തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറില്‍ ഇതൊരു അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

മഹാരാഷ്ട്രയിലെ രത്നഗിരി തീരത്തുനിന്ന് 360 കിലോമീറ്റര്‍ ദൂരത്തിലും തെക്കുപടിഞ്ഞാറന്‍ മുംബയില്‍നിന്ന് 490 കിലോമീറ്റര്‍ ദൂരത്തിലും ഒമാനിലെ സലാല തീരത്തുനിന്ന് 1750 കിലോമീറ്റര്‍ ദൂരത്തിലുമാണ് തീവ്ര ന്യൂനമര്‍ദത്തിന്റെ സ്ഥാനം. അടുത്ത 12 മണിക്കൂറില്‍ ഇതൊരു അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.

ഒക്ടോബര്‍ 25 വൈകീട്ടുവരെ കിഴക്ക്, വടക്കു – കിഴക്ക് ദിശയിലായി സഞ്ചരിക്കുമെന്നും ശേഷം ദിശമാറി പടിഞ്ഞാറ് ദിശയില്‍ തെക്ക് ഒമാന്‍, യമന്‍ തീരത്തെ ലക്ഷ്യമാക്കി ക്രമേണ കൂടുതല്‍ ശക്തി പ്രാപിച്ചുകൊണ്ട് അടുത്ത 72 മണിക്കൂറില്‍ സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

കേരളം തീവ്ര ന്യൂനമര്‍ദത്തിന്റെ സഞ്ചാര പഥത്തിലില്ല. എന്നാല്‍ ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ വിവിധയിടങ്ങളില്‍ വ്യാഴാഴ്ച വൈകീട്ടും രാത്രിയും ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത. തീവ്ര ന്യൂനമര്‍ദത്തിന്റെ സ്വാധീനമുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ഒരുകാരണവശാലും കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

തീവ്ര ന്യൂനമര്‍ദത്തിന്റെ വികാസത്തെയും സഞ്ചാരത്തെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കേരളത്തിലെ മഴയില്‍ വരുന്ന മാറ്റങ്ങളെപ്പറ്റി മുന്നറിയിപ്പുണ്ടാവും. അതിശക്തമായ മഴയുണ്ടാകുന്ന ഘട്ടത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരേണ്ടതാണെന്നും അധികൃതര്‍ വ്യക്തമാക്കി

NO COMMENTS