റിയാദ്: ശനിയാഴ്ച രാത്രി 11.30ഓടെയാണ് സൗദി അറേബ്യയുടെ തലസ്ഥാനത്ത് മിസൈല്‍ ആക്രമണമുണ്ടായത് . റിയാദിലേക്കും ജിസാനിലേക്കും മിസൈലുകള്‍ കുതിച്ചെത്തി.യമനിലെ ഹൂത്തികളാണ് ആക്രമണത്തിന് പിന്നില്‍. സൗദി സഖ്യസേന വര്‍ഷങ്ങളായി യമനില്‍ ആക്രമണം തുടരുകയാണ്. ഇറാന്റെ പിന്തുണയുള്ള ശിയാ വിഭാഗമായ ഹൂത്തികളെ യമനില്‍ നിന്ന് തുരത്തുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം.
കൊറോണ പ്രതിരോധ നീക്കങ്ങളുടെ ഭാഗമായി സൗദി അറേബ്യ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കെയാണ് ആക്രമണമുണ്ടായത്. റിയാദിനെ ലക്ഷ്യമിട്ട് ഹൂത്തികള്‍ ആക്രമണം നടത്തുന്നത് അപൂര്‍വമാണ്. യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സൗദി പ്രദേശങ്ങളില്‍ ആക്രമണം നടക്കാറുണ്ടെങ്കിലും റിയാദിലേക്ക് മിസൈലുകള്‍ സാധാരണ എത്താറില്ല.
റിയാദിലേക്കും ജിസാനിലേക്കും വന്ന മിസൈലുകള്‍ സൈന്യം തകര്‍ത്തുവെന്ന് യമനിലെ സൗദി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഹൂത്തികളാണ് ആക്രമണം നടത്തിയതെന്ന് സൗദി ആരോപിച്ചു. റിയാദിലേക്കും ജിസാനിലേക്കും വന്ന മിസൈലുകള്‍ ആകാശത്ത് വച്ച് തന്നെ സൗദി സൈന്യം തകര്‍ത്തു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ റസിഡന്‍ഷ്യല്‍ പ്രദേശത്താണ് വീണത്. ശനിയാഴ്ച അര്‍ധരാത്രി മൂന്ന് സ്‌ഫോടനങ്ങള്‍ നടന്നതായി റിയാദിലുള്ളവര്‍ സാക്ഷ്യപ്പെടുത്തിയെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
സ്‌ഫോടന ശബ്ദങ്ങള്‍ കേട്ട ഉടനെ സൈറന്‍ മുഴക്കി ആംബുലന്‍സും പോലീസ് വാഹനങ്ങളുമെത്തി. അമേരിക്കന്‍ നിര്‍മിത പാട്രിയട്ട് മിസൈല്‍ പ്രതിരോധ സംവിധാനമാണ് മിസൈലുകള്‍ തകര്‍ത്തതെന്ന് അല്‍ അറബിയ്യ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. യമന്‍ അതിര്‍ത്തിയില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെയുള്ള റിയാദിലേക്ക് മിസൈല്‍ എത്തിയത് സൗദി സൈന്യത്തില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.
കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്ര സഭ അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. യമനിലെ എല്ലാ സായുധ സംഘങ്ങളും ഇക്കാര്യം അംഗീകരിക്കുകയും ചെയ്തിരുന്നു.
സൗദി അറേബ്യ യമനില്‍ ഇടപെടാന്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയായി. ഇതിന്റെ വാര്‍ഷകത്തില്‍ ആക്രമണ സാധ്യതയുണ്ടെന്ന് സൗദി സൈന്യത്തിന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ റിയാദിലേക്ക് മിസൈല്‍ എത്തിയതാണ് ആശ്ചര്യപ്പെടുത്തിയത്. ഇതിന് മുമ്പ് റിയാദിലേക്ക് ആക്രമണം നടന്നത് 2018 ജൂണിലാണ്.