മിസോറാം ലോട്ടറിയോടുള്ള കേരള സര്‍ക്കാരിന്റെ നിലപാട് അന്യായമെന്ന് മിസോറാം സര്‍ക്കാരിന്റെ പരസ്യം. എല്ലാ നിയമനടപടിയും പൂര്‍ത്തിയാക്കിയാണ് ലോട്ടറി വില്‍പനയെന്നും അത് തടയുന്നത് അന്യായമാണെന്നും പരസ്യത്തില്‍ പറയുന്നു. ഗോവയിലും പഞ്ചാബിലും പശ്ചിമ ബംഗാളിലും ലോട്ടറി വില്‍ക്കുന്നുണ്ടെന്നും അവിടങ്ങളില്‍ ഒന്നും തടസങ്ങളില്ലെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു. മിസോറാം സര്‍ക്കാരിന്റെ അംഗീകൃത ഏജന്‍സിയായ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേര്‍സില്‍ നിന്ന് ലോട്ടറി ടിക്കറ്റുകള്‍ പിടിച്ചെടുത്തത് അന്യായമാണ്. 1998ലെ ലോട്ടറി നിയമം പാലിച്ചാണ് ടിക്കറ്റ് വില്‍പന. മിസോറാം ധനകാര്യ സെക്രട്ടറി കേരള ചീഫ് സെക്രട്ടറിക്ക് ഇത് സംബന്ധിച്ച വിവരങ്ങള്‍ ജൂലൈ 21ന് നല്‍കിയിട്ടുണ്ടെന്നും പരസ്യത്തില്‍ പറയുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളെ തുടര്‍ന്ന് മിസോറാം ലോട്ടറിയുടെ വില്‍പ്പനയും നറുക്കെടുപ്പും താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മിസോറാം സര്‍ക്കാര്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയത്.