തിരുവനന്തപുരം: കെ.എം. മാണിയുടെ യുഡിഎഫ് പ്രവേശത്തില്‍ മലക്കം മറിഞ്ഞ് കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്‍. മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡണ്ട് വ്യക്തമാക്കി. മാണിയെ ക്ഷണിച്ച ഹസ്സന്‍ അടക്കമുള്ള് നേതാക്കള്‍ക്കെതിരെ കെപിസിസി യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മലപ്പുറം ഫലത്തിനുപിന്നാലെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ഹസ്സന്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയായിരുന്നു കെപിസിസി വിശാല യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നത്. പാര്‍ട്ടിയെ നിരന്തരം അപമാനിച്ച കെ.എം. മാണിയെ തിരിച്ചു കൊണ്ടുവരുന്നത് എന്തിനാണെന്നാണായിരുന്നു പി.ടി. തോമസിന്റെ ചോദ്യം. പഴയ ശക്തിയൊന്നുമില്ലാത്ത മാണി ഗ്രൂപ്പിനെ പെരുപ്പിച്ചുകാട്ടേണ്ടന്ന് ജോസഫ് വാഴക്കനും വിമര്‍ശിച്ചു. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് എംഎ ഹസ്സന്‍ മാണി നിലപാടില്‍ മലക്കം മറിഞ്ഞു.
ഗ്രൂപ്പിസം ഇല്ലാതാക്കാന്‍ നേതാക്കള്‍ മുന്‍കയ്യെടുക്കണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഹകരണ സംഘങ്ങളിലെ അഴിമതിക്കെതിരേയും സുധീരന്‍ തുറന്നടിച്ചു.