തിരുവനന്തപുരം:പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരുടെ പേരില്‍ കേസെടുക്കാനുള്ള ഉത്തരവ് വിവാദ മായതിനെത്തുടര്‍ന്ന് ഡി.ജി.പി നല്‍കിയ വിശദീകരണം വിശ്വാസയോഗ്യമല്ലെന്ന് കെ. പി.സി.സി മുന്‍ പ്രസിഡന്റ് എം.എം.ഹസ്സന്‍.
മുഖ്യമന്ത്രി അറിയാതെ ഇത്തരമൊരു നിര്‍ദ്ദേശം നല്‍കാന്‍ ഡി.ജി.പി. ധൈര്യപ്പെടില്ല.
ഡി.ജി.പി. ഈ വിഷയത്തില്‍ ഉരുണ്ടു കളിക്കുകയാണ്. ഡി.ജി.പിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഡി.ജി.പിയുടെ ഉത്തരവ്.
സമരക്കാര്‍ക്കെതിരെ യു.പിയിലേയും കര്‍ണ്ണാടകത്തിലേയും ബി.ജെ.പി സര്‍ക്കാരും വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഡല്‍ഹി പോലീസും സ്വീകരിച്ച നടപടികളുടെ പിന്തുടര്‍ച്ചയാണ് കേരള സര്‍ക്കാരിന്റേത്. അര്‍.എസ്.എസിന്റെ ഉള്ളിലിരിപ്പ് കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് വേദികളില്‍ പ്രസംഗിക്കുന്ന മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിന് കീഴിലെ ഡി.ജിപിയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ഡി.ജി.പിയുടെ ഉത്തരവിന് ആര്‍. എസ്. എസിന്റെ സ്വരമാണ്. ഡി.ജി.പിയുടെ ഉത്തര വാണോ അതോ ബി.ജെ.പി പ്രസിഡെന്റിന്റെ ഉത്തരവാണോ ഇതെന്ന് ജനം സംശയിച്ചാല്‍ കുറ്റംപറയാനാകില്ലെന്നും ഹസന്‍ പരിഹസിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ എല്ലാവരുടേയും പിന്തുണ തേടുകയും ന്യൂനപക്ഷങ്ങളുടെ ഹീറോയാകാന്‍ സ്വയം ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ പോലീസ് മേധാവി ഇറക്കിയ ഉത്തരവിലൂടെ സര്‍ക്കാരിന്റെ സമീപനം മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയുമാണ് ലക്ഷ്യമെന്ന് വ്യക്തമായി.
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ കോണ്‍ഗ്രസ് ഒളിച്ചുകളി നടത്തുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രിയും സര്‍ക്കാരും കള്ളക്കളി നടത്തുന്നത് ഈ ഉത്തരവിലൂടെ വ്യക്തമായി.
അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണക്കുറവ് പരിഹരിക്കുന്ന എന്ന ലക്ഷ്യത്തോടെ നടത്തുന്ന അങ്കണവാടി കുടുംബ സര്‍വേയില്‍ എന്തിനാണ് ജാതിയും മതവും ചോദിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കുട്ടികളില്ലാത്ത വീടുകളിലും സര്‍വേയുടെ ഭാഗമായി ഭവന സന്ദര്‍ശനം നടത്തി ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട ഒരു നടപടിയും നടത്തില്ലെന്ന് മുഖ്യമന്ത്രി പറയുകയും മറുവശത്ത് ഇത്തരം സര്‍വേകള്‍ നടത്തുകയും ചെയ്യുന്നതിലൂടെ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഇരട്ടത്താപ്പ് വ്യക്തമാണ്. അങ്കണവാടി കുടുംബ സര്‍വേയില്‍ ഇത്തരം വിവരശേഖരണ നടപടികള്‍ നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.