ന്യൂഡല്‍ഹി : മൊബൈല്‍ കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. 2018 ഫെബ്രുവരി ആറിനകം എല്ലാ ഉപഭോക്താക്കളും തങ്ങളുടെ മൊബൈല്‍ നമ്ബറുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലായിരുന്നു ഇക്കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്ത് ആരും പട്ടിണി കിടന്ന് മരിച്ചിട്ടില്ലെന്നും ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ആധാര്‍ വിവരങ്ങള്‍ അതീവ സുരക്ഷയോടെയാണ് സംരക്ഷിക്കുന്നതെന്നും ഇതുവരേയും ആധാര്‍ വിവരങ്ങള്‍ ശേഖരിച്ച യുഐഡിഎഐ സെര്‍വറുകള്‍ ഹാക്കിംഗ്സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടില്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.