പി.എസ്.സി. പഠനത്തിന് മൊബൈല്‍ ആപ്പുകള്‍

207

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലടക്കം പി.എസ്.സി. പഠനം തകൃതിയിലാണ്. സംഘ പഠനത്തെ പ്രോത്സാഹിപ്പിക്കുന്ന ട്രോളുകളും ഗ്രൂപ്പുകളും പേജുകളും സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകുമ്ബോള്‍ ഒറ്റയ്ക്ക് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സൗജന്യ ആപ്ലിക്കേഷനുകളും എത്തിക്കഴിഞ്ഞു.

ലൈക്കിന്റേയും കമന്റിന്റേയും ബഹളമില്ലാതെ സ്വസ്ഥമായി പഠിക്കാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യം വെച്ചാണ് ഇവ രംഗത്തെത്തിയിരിക്കുന്നത്. എല്‍.ഡി.സി. പരീക്ഷാ വിജ്ഞാപനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കിടയിലാണ് ഈ ആപ്ലിക്കേഷനുകള്‍ കൈയടി നേടുന്നത്.
ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഇത്തരം ആപ്ലിക്കേഷനുകളില്‍ ലഭ്യമാണ്. പി.എസ്.സി. കോച്ചിംഗ് കേന്ദ്രങ്ങളുടേയും സ്വതന്ത്ര വ്യക്തികളുടേയും ആപ്ലിക്കേഷനുകളാണ് പ്ലേ സ്റ്റോറില്‍ ഇടം പിടിച്ചിട്ടുള്ളത്. ആപ്ലിക്കേഷനുകള്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയേ വേണ്ടൂ, സമയം കിട്ടുമ്ബോഴൊക്കെ അറിവുകള്‍ ഓര്‍മയിലേക്ക് ശേഖരിക്കാം.

പൊതുവിജ്ഞാനം കേന്ദ്രീകരിച്ച്‌ മാത്രമല്ല, ആപ്ലിക്കേഷനുകളിലെ ചോദ്യങ്ങള്‍. ഭാഷയിലും വ്യാകരണത്തിലും ഗണിതശാസ്ത്രത്തിലും സമകാലിക സംഭവങ്ങളിലും ഊന്നിയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ആപ്ലിക്കേഷനുകളില്‍ തയ്യാറാണ്. ഭൂരിഭാഗവും പി.എസ്.സി. പരീക്ഷകളുടെ സിലബസിലൂന്നിയുള്ള ചോദ്യങ്ങളാണ്. ചോദ്യത്തിലോ ഉത്തരത്തിലോ തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അത് തിരുത്താനുള്ള സൗകര്യവും ആപ്ലിക്കേഷനുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അറിവ് പരിശോധിക്കാനുള്ള പരീക്ഷകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവാരം വിലയിരുത്തി പഠനം മെച്ചപ്പെടുത്താനും ചോദ്യങ്ങളെ അഭിമുഖീകരിക്കുമ്ബോഴുള്ള ആത്മവിശ്വാസം വളര്‍ത്താനുമാണ് ഇത്തരം പരീക്ഷകള്‍ ആപ്ലിക്കേഷന്റെ ഭാഗമാക്കിയിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.
നിശ്ചിത മാര്‍ക്ക് നേടിയാല്‍ മാത്രമേ ഒരു പരീക്ഷയില്‍ നിന്ന് അടുത്ത പരീക്ഷയിലേക്ക് കടക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാധിക്കൂകയുള്ളൂ. ഇതില്‍ ചോദ്യത്തിനും ശരിയുത്തരത്തിനും തെറ്റിനും പ്രത്യേകം സംഗീതവും നല്‍കിയിട്ടുണ്ട്. ഇത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പഠനത്തോട് താല്പര്യം വളര്‍ത്താന്‍ സഹായകമാകും.
പരസ്യങ്ങളിലൂടെയാണ് ഇത്തരം സൗജന്യ ആപ്ലിക്കേഷനുകള്‍ വരുമാനം നേടുന്നത്. ചിലതില്‍ പരസ്യത്തിന്റെ അതിപ്രസരം കാണാം. അതുകൊണ്ട് തന്നെ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്ബ് നിലവിലെ ഉപയോക്താക്കളുടെ അവലോകനവും അവര്‍ നല്‍കിയിരിക്കുന്ന റേറ്റിങ്ങും വിലയിരുത്തിയതിന് ശേഷം ആവശ്യമായവ ഡൗണ്‍ലോഡ് ചെയ്യുന്നതാണ് നല്ലത്.

NO COMMENTS

LEAVE A REPLY