ചാര്‍ജ്ജ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ചാര്‍ജ്ജറില്‍ നിന്നും പൊള്ളലേറ്റ് പിഞ്ചുകുഞ്ഞ് മരിച്ചു. കസഖിസ്ഥാനിലെ അക്ടാവു നഗരത്തിലുണ്ടായ സംഭവത്തില്‍ ചാര്‍ജ്ജ് ചെയ്യാന്‍ വെച്ച മൊബൈല്‍ കുഞ്ഞിന് കളിക്കാന്‍ നല്‍കിയ ശേഷം മാതാവ് സമീപത്ത് കിടന്നുറങ്ങുമ്പോഴായിരുന്നു കുഞ്ഞിന് ഗുരുതരമായി പൊള്ളലേറ്റത്. കുഞ്ഞിന്‍റെ പൊള്ളലേറ്റ ശരീരഭാഗത്തിന്‍റെ ആശുപത്രി സ്റ്റാഫുകള്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലായി മാറുകയാണ്. കുട്ടികള്‍ക്കരികില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ വെയ്ക്കുന്നത് അപകടകരമെന്ന കുറിപ്പോടെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. കുഞ്ഞിന് ഗുരുതരമായി പൊള്ളലേല്‍ക്കുമ്പോള്‍ തൊട്ടടുത്തു കിടന്ന് ഇതൊന്നും അറിയാതെ മാതാവ് ഉറങ്ങുന്നുമുണ്ടായിരുന്നു.
കുറേ നേരം കഴിഞ്ഞ് കുഞ്ഞിന്‍റെ അനക്കമൊന്നും കേള്‍ക്കാത്തതിനാല്‍ ഉണര്‍ന്ന് നോക്കുമ്പോള്‍ കുട്ടിയ്ക്ക് അനക്കം ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ കുറേ നേരം പരിശോധിച്ചപ്പോള്‍ അത് ശ്വസന പ്രക്രിയ നടത്തുന്നില്ലെന്നും നാഡിമിടിപ്പ് നിശ്ചലമായ നിലയിലും കണ്ടെത്തി. തുടര്‍ന്ന് കുഞ്ഞിനെ പെട്ടെന്ന് പൊതിഞ്ഞെടുത്ത് മാതാവ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഏറെ വൈകി. ഈ സമയത്തേക്ക് കുഞ്ഞ് മരിച്ചിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് വൈദ്യൂതാഘാതം ഏറ്റതായി കണ്ടെത്തിയത്. ഇവരുടെ കൈകളിലും ശരീര ഭാഗങ്ങളിലും പൊള്ളലേറ്റ പാടും ഉണ്ടായിരുന്നു. കുഞ്ഞ് ചാര്‍ജ്ജ് ചെയ്തിരുന്ന കേബിളുമായി കളിച്ചെന്ന് ഇവരുടെ ഒരു ബന്ധു വെളിപ്പെടുത്തുകയും ചെയ്തു.
സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടയില്‍ ഇത് എടുത്ത കുഞ്ഞ് ഫോണ്‍ ചാര്‍ജ്ജറില്‍ നിന്നും വേര്‍പെടുത്തിയ ശേഷം ചാര്‍ജ്ജറിന്‍റെ അറ്റം വായിലിട്ടിരിക്കാം എന്നാണ് വിലയിരുത്തല്‍. കുളിക്കുന്നതിനിടയില്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മോസ്ക്കോയില്‍ ഈ വര്‍ഷം ആദ്യം ഒരു 14 കാരി വൈദ്യൂതാഘാതമേറ്റ് മരിച്ചിരുന്നു. ചാര്‍ജജ്റിന്‍റെ പ്ളഗ്ഗിന്‍റെ അറ്റം ബാത്ത്ടബ്ബിലെ വെള്ളത്തില്‍ വീഴുകയായിരുന്നു.