ന്യൂഡല്‍ഹി• നിര്‍ണായക വിവരങ്ങള്‍ ചോരാതിരിക്കാന്‍ മന്ത്രിസഭായോഗങ്ങളില്‍ ആരും മൊബൈല്‍ഫോണുകള്‍ കൊണ്ടുവരരുതെന്നു മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. മൊബൈലുകള്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന ഭീതിയും തീരുമാനത്തിനു പിന്നിലുണ്ട്. പാക്കിസ്ഥാന്‍, ചൈനീസ് ഹാക്കര്‍മാരാണ് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ഇറങ്ങിയിരിക്കുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. ബ്രിട്ടനില്‍ മന്ത്രിസഭായോഗങ്ങളില്‍ മൊബൈല്‍ഫോണിനു വിലക്കുണ്ട്. ഇന്ത്യയില്‍ ആദ്യമായാണു വിലക്കു ഏര്‍പ്പെടുത്തുന്നത്. മന്ത്രിസഭായോഗങ്ങള്‍, ഉപസമിതിയോഗങ്ങള്‍ തുടങ്ങിയവയില്‍ മൊബൈലുകള്‍ കൊണ്ടുവരരുതെന്ന നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലറായി ഇറക്കിയതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ സര്‍ക്കുലര്‍ എല്ലാ മന്ത്രിമാരുടെയും പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കാണ് അയച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ മന്ത്രിമാരെ ബോധവല്‍ക്കരിക്കണമെന്നാണ് അവര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. ഉറിയിലെ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് നിയന്ത്രണ രേഖ മറികടന്ന് പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ ബാക്കിപത്രമായി ഇന്ത്യന്‍ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ വന്‍തോതില്‍ ശ്രമം നടക്കുന്നതായാണു റിപ്പോര്‍ട്ടുകള്‍. പുറത്തുനിന്നുള്ള ഏജന്‍സികള്‍ക്കു സ്മാര്‍ട്ഫോണുകള്‍ ഹാക്ക് ചെയ്ത് റെക്കോര്‍ഡിങ് നടത്തുകയോ മറ്റോ ചെയ്യാന്‍ കഴിയും. ഇതിലൂടെ നിര്‍ണായക വിവരങ്ങള്‍ ചോരാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.