ന്യൂഡല്‍ഹി• നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നു സഹകരണമേഖലയിലുണ്ടായ പ്രതിസന്ധിയുമായി ബന്ധപ്പെട്ടു കേരള എംപിമാരെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിസമ്മതിച്ചു. എന്നാല്‍, പ്രശ്നപരിഹാരത്തിന് ഉന്നതതല ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് കൊടിക്കുന്നില്‍ സുരേഷ് എംപിയെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത യോഗത്തിലാണു കേരള എംപിമാര്‍ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കാണാന്‍ തീരുമാനിച്ചത്. രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പി.െജ.കുര്യന്‍ മുഖേനയാണു കേരള എംപിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. എന്നാല്‍, പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉന്നതതല യോഗങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പിഎംഒയുമായി ബന്ധപ്പെട്ട കൊടിക്കുന്നിലിനു മറുപടി ലഭിച്ചു. സാധാരണഗതിയില്‍ എംപിമാര്‍ ചര്‍ച്ചയ്ക്കു സമയം തേടിയാല്‍ പ്രധാനമന്ത്രി ഉടന്‍ അനുവദിക്കും. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ കാണാനുള്ള ശ്രമവും വിജയിച്ചിട്ടില്ല. പ്രതിസന്ധി പരിഹരിക്കുന്നതിനു രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നു കൊടിക്കുന്നില്‍ പറഞ്ഞു. അതേസമയം, പ്രാഥമിക സഹകരണ സംഘങ്ങളെ തഴഞ്ഞ നടപടിയെക്കുറിച്ചു പ്രത്യേക ചര്‍ച്ച വേണമെന്നു സിപിഎം ലോക്സഭയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രത്യേക ചര്‍ച്ചയ്ക്കു നോട്ടിസ് നല്‍കിയിരുന്നതായും ചോദ്യോത്തരവേള നിര്‍ത്തിവച്ചുള്ള ചര്‍ച്ചയാണ് ആവശ്യപ്പെട്ടതെന്നും പി.കരുണാകരന്‍ പറഞ്ഞു. കേരളം മാത്രമല്ല, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളും പരാതിപ്പെട്ടിട്ടുണ്ടെന്നും ഇതൊരു ദേശീയവിഷയമാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രതികരിച്ചു.